ദേവസ്വം ഭൂമിയിൽ ‘പിണറായി റെസ്റ്റ് ഹൗസ്’ നിർമാണം; ഇന്റലിജൻസ് അന്വേഷണം
Mail This Article
കൂത്തുപറമ്പ് ∙ ദേവസ്വം ഭൂമിയിൽ സർക്കാർ റെസ്റ്റ് ഹൗസ് നിർമാണം തുടങ്ങിയെന്ന പരാതിയിൽ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം. പ്രാഥമിക തെളിവെടുപ്പു നടത്തി. പിണറായി റെസ്റ്റ് ഹൗസ് എന്ന പേരിൽ നിർമിക്കുന്ന ബഹുനിലക്കെട്ടിടത്തിനു കല്ലിട്ടതു വേങ്ങാട് പഞ്ചായത്തിലെ കേളാലൂർ വില്ലേജിലെ ഭൂമിയിലാണ്. ഒരേക്കറിലേറെയുള്ള ഭൂമി റവന്യു പുറമ്പോക്കാണെന്നു സർക്കാർ പറയുന്നത്. 2024 സെപ്റ്റംബർ 3നു മന്ത്രി പി.എമുഹമ്മദ് റിയാസാണു ശിലാസ്ഥാപനം നിർവഹിച്ചത്. പിണറായി ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി(പിക്കോസ്) 5.80 കോടി രൂപയ്ക്കു നിർമാണക്കരാർ ഏറ്റെടുത്തു. വില്ലേജ് ഓഫിസിൽനിന്ന് ഇപ്പോൾ ലഭിച്ച രേഖയിൽ ഉടമസ്ഥത സംബന്ധിച്ചു സൂചനയില്ലെങ്കിലും മറ്റു രേഖകളിലെല്ലാം കേളാലൂർ വില്ലേജിൽ 104ാം നമ്പർ റീസർവേ രേഖയിലുള്ള ഏക്കർ ഭൂമിയെന്നു വ്യക്തമാക്കുന്നുണ്ട്. സർക്കാർ അനുവദിച്ച രേഖയിൽത്തന്നെ കേളാലൂർ ദേവസ്വത്തിന്റെ ഊരാളന്മാരായ മംഗലശ്ശേരി കേശവൻ നമ്പൂതിരി, അടിമന നാരായണൻ നമ്പൂതിരി എന്നിവരുടെ പേരിലാണ് ഈ ഭൂമിയെന്നു വ്യക്തമാക്കിയിട്ടുണ്ട്.
നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ദേവസ്വം അധികൃതർ കലക്ടർക്കും പൊതുമരാമത്ത് അധികൃതർക്കും കത്തു നൽകിയിരുന്നു. കേളാലൂർ ദേവസ്വത്തിനു വേണ്ടി രണ്ടാം ഊരാളൻ അടിമന ഇല്ലത്ത് എ.ദാമോദരൻ നമ്പൂതിരിയാണു പരാതി നൽകിയത്. രേഖ പരിശോധിച്ചതിന്റെ പശ്ചാത്തലത്തിൽ, ഭൂമി കേളാലൂർ ദേവസ്വത്തിന്റെതാണെന്ന നിഗമനത്തിലാണ് ഇന്റലിജൻസ് അധികൃതർ എന്നാണു സൂചന.