ചുങ്കം കവലയിൽ ബസ് സ്റ്റോപ് ഇല്ല; ഗതാഗത തടസ്സം പതിവ്
![kannur-cotton-road-chungam-junction-bus-stop ഇങ്ങനെ ഓടിക്കരുതേ! കോട്ടൺസ് റോഡിലെ ചുങ്കം കവലയിൽ നിർത്താതെ കടന്നുപോകുന്ന ബസിനു പിന്നാലെ കഴിഞ്ഞ ദിവസം രാവിലെ സ്കൂൾ വിദ്യാർഥികൾ ഓടുന്ന കാഴ്ച.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2025/1/11/kannur-cotton-road-chungam-junction-bus-stop.jpg?w=1120&h=583)
Mail This Article
പാപ്പിനിശ്ശേരി ∙ കോട്ടൺസ് റോഡിലെ ചുങ്കം കവലയിൽ യാത്രക്കാർക്കായി ബസുകൾ നിർത്തുമ്പോൾ ഗതാഗത തടസ്സമുണ്ടാകുന്നതു പതിവെന്ന് പരാതി. ദേശീയപാത പാപ്പിനിശ്ശേരിയിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരത്തെത്തുടർന്നു കണ്ണൂരിൽ നിന്നു തളിപ്പറമ്പിലേക്കു പോകുന്ന ബസുകൾ കോട്ടൺസ് റോഡ് (പഴയ ദേശീയപാത) വഴിയാണു പോകുന്നത്. ഇതോടെ ദേശീയപാതയിലെ ചുങ്കം സ്റ്റോപ് ചുങ്കം കവലയിലേക്കു മാറി. റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനാൽ പിറകെവരുന്ന വാഹനങ്ങൾക്കു കാത്തുനിൽക്കേണ്ടി വരുന്നു. ഇത് രാവിലെയും വൈകിട്ടും ചുങ്കത്ത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
കോട്ടൺസ് റോഡിൽ കൃത്യമായ സ്റ്റോപ് നിശ്ചയിക്കാത്തതിനാൽ കവലയ്ക്കു തൊട്ടുമുന്നിലാണ് ബസുകൾ നിർത്തിയിടുന്നത്. ബസ് സ്റ്റോപ് ഇല്ലാത്തതിനാൽ യാത്രക്കാർ പലയിടങ്ങളിലായി ബസ് കാത്തിരിക്കേണ്ടി വരുന്നതായും പരാതി ഉയർന്നു. പലപ്പോഴും ബസിനു പിറകെ യാത്രക്കാർ ഓടേണ്ടി വരുന്നു. ചുങ്കം കവലയിൽ നിന്ന് അൽപം മാറി തിരക്കില്ലാത്ത സ്ഥലത്ത് ബസ് സ്റ്റോപ് അനുവദിക്കുകയാണെങ്കിൽ നിലവിലെ കുരുക്ക് ഒഴിവാക്കാനാകും. രാവിലെ സ്കൂൾ, കോളജ് വിദ്യാർഥികളെ കയറ്റാതിരിക്കാൻ ബസുകൾ സ്റ്റോപ്പിൽ നിർത്താതെ കടന്നുപോകുന്നതായും നാട്ടുകാർ പരാതിപ്പെട്ടു.