കണ്ണീരിൽ പുതഞ്ഞ്...; ശ്രീനന്ദയുടെ ഓർമകളിൽ നാട്
Mail This Article
പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി എൻ.വി.ശ്രീനന്ദയുടെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി. സ്കൂളിലേക്കു പോയ ശ്രീനന്ദ തോട്ടിൽ വീണുമരിച്ച വാർത്തയാണ് രാവിലെ വെങ്ങരയെ ഞെട്ടിച്ചത്. സഹോദരനും മറ്റു വിദ്യാർഥികൾക്കുമൊപ്പം രാവിലെ 8.15നാണ് ശ്രീനന്ദ വീട്ടിൽ നിന്നിറങ്ങിയത്. 700 മീറ്ററാണ് ബസ് സ്റ്റോപ്പിലേക്കുളള ദൂരം. എന്നാൽ സ്റ്റോപ് എത്താൻ 150 മീറ്റർ ബാക്കിയുള്ളിടത്താണ് അപകടമുണ്ടായത്. ശ്രീനന്ദ വീണത് തോടിന്റെ ചെളിയുളള ഭാഗത്തായിരുന്നു.
സമീപവാസിയായ ടി.വിനോദും രണ്ട് അതിഥിത്തൊഴിലാളികളും ചേർന്നാണ് ശ്രീനന്ദയെ ഇടുങ്ങിയ തോട്ടിൽ നിന്ന് കരയ്ക്കു കയറ്റിയത്. വീഴ്ചയുടെ ആഘാതത്തിൽ ശ്രീനന്ദയുടെ മുഖത്തും ദേഹത്തുമാകെ ചെളി പുരണ്ടു. സമീപത്തെ വീട്ടിൽ കൊണ്ടുപോയി കാലും മുഖവും കഴുകി വൃത്തിയാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും ശ്രീനന്ദ തീർത്തും അവശയായിരുന്നു. പഴയങ്ങാടി പൊലീസെത്തി അപകട സ്ഥലത്ത് പരിശോധന നടത്തി. തോട്ടിലെ വെള്ളത്തിന്റെ സാംപിളും ശേഖരിച്ചിട്ടുണ്ട്.
എപ്പോഴും പുഞ്ചിരി, ഏവർക്കും പ്രിയങ്കരി
ചിരിയോടെയല്ലാതെ ശ്രീനന്ദയെ കണ്ടിട്ടില്ല നാട്ടുകാർ. സ്കൂളിലേക്ക് പോകുമ്പോൾ വഴിയിൽ കാണുന്ന പരിചയക്കാരോട് ചിരിച്ച് ‘ഗുഡ് മോണിങ്’ പറയുന്നത് ശ്രീനന്ദയുടെ ശീലമായിരുന്നു. ഇന്നലെ രാവിലെയും ഇതുപോലെ ഗുഡ് മോണിങ് പറഞ്ഞാണ് ശ്രീനന്ദ പോയതെന്ന് സമീപവാസി ഓർക്കുന്നു. മിക്കവാറും സൈക്കിളിലാണ് ശ്രീനന്ദയും അനുജനും ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത്. കൂട്ടുകാരൊന്നിച്ച് കളിച്ചും ചിരിച്ചും നടന്ന ശ്രീനന്ദയുടെ അപകടം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ശ്രീനന്ദ, സ്കൂളിലെ താരം
ശ്രീനന്ദയുടെ വിയോഗവാർത്ത മാടായി ഗവ.ഗേൾസ് ഹൈസ്കൂളിനും തീരാനോവായി. സഹപാഠികൾക്കും കൂട്ടുകാർക്കും അധ്യാപകർക്കും അത്ര ഇഷ്ടമായിരുന്നു ശ്രീനന്ദയെ. പഠനത്തിൽ മിടുക്കിയായ ശ്രീനന്ദ പാഠ്യേതര പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. സ്കൂളിലെ പരിപാടികളിലെല്ലാം മുന്നിലുണ്ടായിരുന്നു. കലോത്സവങ്ങളിൽ സമ്മാനം നേടി.
മലയാള മനോരമ നല്ലപാഠം ക്ലബ്ബിലെ സജീവപ്രവർത്തകയായിരുന്ന ശ്രീനന്ദ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അശരണരായ ആളുകളെ ചേർത്തുപിടിക്കാൻ ഫണ്ട് സ്വരൂപിക്കാനും മുൻപിൽ നിന്നു. തലേന്ന് സ്കൂളിലെ 9,10 ക്ലാസിലെ വിദ്യാർഥികൾ കണ്ണൂരിലെ സയൻസ് പാർക്ക് കാണാൻ പോയപ്പോൾ ജലദോഷം ബാധിച്ചതിനാൽ ശ്രീനന്ദ പോയിരുന്നില്ല. അപകടം നടന്ന ഉടൻ സ്കൂളിലെ പ്രധാനാധ്യാപകൻ ഉൾപ്പെടെ അധ്യാപകരും രക്ഷാകർതൃ സമിതി ഭാരവാഹികളും ആശുപത്രിയിൽ എത്തിയിരുന്നു.