സിസിടിവി ദൃശ്യങ്ങളിൽ നിന്നു രക്ഷപ്പെട്ടിട്ടും കണ്ണാടിയിൽ കുടുങ്ങി; ആ കാർ കണ്ടെത്തിയത് ഇങ്ങനെ..

Mail This Article
ഇരിക്കൂർ ∙ സംസ്ഥാന പാതയിൽ പടിയൂർ പുത്തൻപറമ്പിൽ കാൽനടക്കാരനെ ഇടിച്ച് നിർത്താതെ പോയ കാർ ഇരിക്കൂർ പൊലീസ് പിടികൂടി. ഡ്രൈവർ ബ്ലാത്തൂർ സ്വദേശി രാധാകൃഷ്ണനെ (52) എസ്ഐ ഷിബു എഫ്.പോൾ അറസ്റ്റ് ചെയ്തു. ബ്ലാത്തൂർ സ്വദേശിയായ മറ്റൊരാളുടെ കാർ സംഭവദിവസം യാത്രയ്ക്കായി രാധാകൃഷ്ണന് നൽകിയതായിരുന്നു.
കഴിഞ്ഞ 4ന് രാത്രി 8ന് ആയിരുന്നു സംഭവം. പുത്തൻപമ്പിലെ ശ്രീനിലയത്തിൽ പത്മനാഭനാണ് (60) പരുക്കേറ്റത്. റോഡരികിലൂടെ വീട്ടിലേക്കു നടന്നു പോകുകയായിരുന്ന ഇയാളെ എതിർഭാഗത്തു നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ പത്മനാഭനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽ കാറിന്റെ ഇടതുഭാഗത്തെ കണ്ണാടി തകർന്ന് റോഡിൽ വീണിരുന്നു. കണ്ണാടിയില്ലാതെ ഓടിയ കാർ ശ്രദ്ധയിൽപെട്ട പടിയൂർ സ്വദേശിയാണ് പൊലീസിൽ അറിയിച്ചത്. കാർ ഇന്നലെ പുലർച്ചെ ബ്ലാത്തൂർ ടൗണിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും കാർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എസ്ഐ അബ്ദുൽ നാസർ, എഎസ്ഐ ബിജു, സീനിയർ സിപിഒമാരായ കെ.വി.പ്രഭാകരൻ, പി.നിജിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.