ചെറുവാഹനങ്ങൾ പോലും കുരുക്കിലാകുന്നു; ബസുകൾക്കും പോകാം, പൊളിച്ചുപണിതാൽ

Mail This Article
കല്യാശ്ശേരി ∙ മാങ്ങാട്ടുപറമ്പിൽ നിർമിച്ച ചെറിയ അടിപ്പാത ബസുകളടക്കം വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുംവിധം പുതുക്കുമെന്ന പ്രതീക്ഷ കൈവിടാതെ നാട്ടുകാർ. അടിപ്പാത പൊളിച്ചു വീതികൂട്ടി നിർമിക്കണമെന്നാണ് ആവശ്യം. 4 മീറ്റർ വീതിയിലും, 3.5 മീറ്റർ ഉയരത്തിലും നിർമിച്ച അടിപ്പാതയിൽ ചെറുവാഹനങ്ങൾ പോലും കുരുക്കിലാകുന്നു.
തളിപ്പറമ്പ്–ധർമശാല–ചെറുകുന്ന് റൂട്ടിലെ ബസുകൾക്ക് കടന്നുപോകാൻ അടിപ്പാതയ്ക്ക് വീതികൂട്ടാൻ നേരത്തേ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ദേശീയപാത അധികൃതരും കരാറുകാരും പരാതി പോലും പരിഗണിക്കാതെ നിർമാണം പൂർത്തിയാക്കിയെന്നാണ് ആക്ഷേപം. ഇതിനെതിരെ നടന്ന സമരങ്ങളെല്ലാം ഒതുക്കി തീർക്കുകയും ചെയ്തു. എംപിമാരായ കെ.സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എം.വി.ഗോവിന്ദൻ, എം.വിജിൻ എന്നിവരുടെ പ്രവർത്തന മണ്ഡലം ഉൾപ്പെടുന്ന പ്രദേശത്താണ് ഈ കുരുക്കുപാത.
പ്രധാന റോഡിലേക്കുള്ള പ്രവേശനം അടഞ്ഞിട്ടും ശക്തമായ നിലപാട് സ്വീകരിക്കാൻ ജനപ്രതിനിധികൾക്ക് സാധിച്ചില്ലെന്നു പരാതിയുണ്ട്. പ്രതിഷേധിച്ച് ഈ റൂട്ടിലെ മുഴുവൻ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. കലക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം നിർത്തി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള വഴി എന്ന നിലയിൽ മാത്രം നിർമിച്ചതാണ് ഈ അടിപ്പാതയെന്നാണ് ദേശീയപാത അധികൃതരുടെ വാദം.