സിന്ധു കാണാമറയത്ത്; ക്വാറികളിലെ ജലാശയങ്ങളിലും ആർഒവി ഉപയോഗിച്ച് തിരച്ചില്, തണ്ടർ ബോൾട്ടും തിരച്ചിലിന്

Mail This Article
കൂത്തുപറമ്പ് ∙ ഡിസംബർ 31നു കണ്ണവം വനത്തിനുള്ളിൽ കാണാതായെന്നു കരുതുന്ന കണ്ണവം ഉന്നതിയിലെ പൊരുന്നൻ വീട്ടിൽ എൻ.സിന്ധുവിനായുള്ള(40) തിരച്ചിൽ നിഷ്ഫലം. ഇന്നലെ നടത്തിയ തിരച്ചിലിലും സിന്ധുവിനെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവിലും പറക്കാട് മേഖലയിലും തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടരന്വേഷണം എങ്ങനെ വേണമെന്നു തീരുമാനിക്കാൻ അധികൃതരുടെ യോഗം വിളിച്ചുചേർക്കും. അതിനുശേഷമേ തുടരന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കുകയുള്ളു.
അഗ്നിരക്ഷാസേനയുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും നേതൃത്വത്തിൽ അറക്കൽ, വെങ്ങളം ഭാഗത്തുള്ള ക്വാറികളിലെ ജലാശയങ്ങളിൽ ആർഒവി(റിമോട്ട് ഓപ്പറേറ്റീവ് വെഹിക്കിൾ - അണ്ടർ വാട്ടർ ഡ്രോൺ) ഉപയോഗിച്ചായിരുന്നു തിരച്ചിൽ. കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, കണ്ണൂർ അഗ്നിരക്ഷാ നിലയങ്ങൾ ചേർന്നാണു കൂത്തുപറമ്പ് സ്റ്റേഷൻ ഓഫിസർ പി.ഷാനിത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്.
വി.കെ.അഫ്സൽ, കെ.വിനേഷ് തുടങ്ങി ആർഒവി കണ്ണൂർ ടീമും പ്രദീഷ്, രഞ്ചു, ജിതിൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ എം.സന്തോഷ്, വാഴയിൽ ഭാസ്കരൻ, സുബീഷ്, വി.ലിസി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രമോട്ടർമാരും ഉണ്ടായിരുന്നു. കണ്ണവം സിഐ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ ചെമ്പുക്കാവ് പ്രദേശത്തു പൊലീസും തണ്ടർ ബോൾട്ടും നാട്ടുകാരും ചേർന്നു തിരച്ചിൽ നടത്തി. വിരലടയാള വിദഗ്ധർ സിന്ധുവിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

പ്രേമജ ചോദിക്കുന്നു: എവിടെ എന്റെ മകൾ?
കണ്ണൂർ ∙ കണ്ണവം വനത്തിൽ കാണാതായെന്നു കരുതുന്ന സിന്ധുവിനെക്കുറിച്ചു ചോദിച്ചപ്പോഴേക്കും അമ്മ പ്രേമജയുടെ കണ്ണുകൾ നിറഞ്ഞു. പ്രേമജ തൊഴിലുറപ്പിനു പോകാറുണ്ട്. സിന്ധുവിന്റെ ഷെഡിന് അടുത്തുകൂടി പോകുമ്പോൾ അവളെ വിളിക്കും. ചിലപ്പോൾ മാത്രമേ മറുപടി ലഭിക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. ഉറങ്ങുകയാണെന്നു കരുതി പ്രേമജ പിന്നെ വിളിച്ചതുമില്ല. വൈകിട്ടു തിരികെ വരുമ്പോഴും സിന്ധു വീട്ടിലില്ലായിരുന്നു. അങ്ങനെയാണു നാട്ടുകാരെ അറിയിച്ചത്.പിന്നെ, പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫിസിലും വനംവകുപ്പിലും അറിയിച്ചു. ‘സിന്ധുവിനു മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വിളിച്ചാൽ വരില്ല. നമ്മുടെ കിണറ്റിൽനിന്നു വെള്ളമെടുക്കില്ല. അടുത്ത തോട്ടിൽനിന്നു വെള്ളം കോരിക്കൊണ്ടുവരികയാണു പതിവ്’ – സഹോദരി ശ്രീജ പറഞ്ഞു.
സിന്ധുസിന്ധുഅധികമാരോടും സംസാരിക്കാത്തയാളാണ് പൊരുന്ന വീട്ടിൽ എൻ.സിന്ധു (40). കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അറയ്ക്കലിൽ വച്ചാണു അച്ഛൻ പി. കുമാരൻ മകളെ അവസാനമായി കണ്ടത്. ഇതാദ്യമായല്ല സിന്ധുവിനെ കാണാതാകുന്നത്. എന്നാൽ, മുൻപ് കാണാതായതിന്റെ പിറ്റേന്ന് സിന്ധു തിരിച്ചെത്തിയിരുന്നു.