ദേശീയ വോളിബോൾ ചാംപ്യൻഷിപ്പ്: രേവതി, കേരള ടീമിന്റെ പുലിക്കുട്ടി

Mail This Article
ഇരിട്ടി ∙ ജയ്പുരിൽ നടക്കുന്ന ദേശീയ സീനിയർ വനിതാ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളം റണ്ണേഴ്സ്അപ് ആകുമ്പോൾ പടിയൂർ പുലിക്കാട്ടുകാർക്കും സന്തോഷനിമിഷം. കേരള ടീമിലെ പ്രായംകുറഞ്ഞ കളിക്കാരിയായ രേവതി നമ്പ്യാർ മോഹനൻ പുലിക്കാട്ടുകാരിയാണ്. 3–1ന് ആണു കേരളം റെയിൽവേസിനോടു പരാജയപ്പെട്ടത്.
17ാം വയസ്സിലാണു രേവതി വോളിബോൾ കളിക്കാൻ തുടങ്ങുന്നത്. മൂന്നു കൊല്ലം കൊണ്ടു നാഷനൽ സീനിയർ വനിതാ ടീമിന്റെ തുറുപ്പുചീട്ടായി. കളി തുടങ്ങി രണ്ടാം വർഷം ദേശീയ സ്കൂൾ ഗെയിംസിൽ വെങ്കലം നേടിയ കേരള ടീമിലെ അംഗമായി. അടുത്ത വർഷം സീനിയർ ഇന്ത്യൻ ടീമിന്റെ കോച്ചിങ് ക്യാംപിലുമെത്തി.
മുംബൈയിൽ റെയിൽവേ ജീവനക്കാരനായ മോഹനന്റെയും അധ്യാപിക രശ്മിയുടെ മകളായ രേവതി മുംബൈയിലായിരുന്നു പഠിച്ചിരുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തു പടിയൂരിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു കോവിഡ് കാലം. തിരിച്ചുപോക്ക് പ്രതിസന്ധിയായതോടെ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനു ചേർന്നു. വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണു രേവതിയും സഹോദരി ഗായത്രിയും ഇരിട്ടി റണ്ണേഴ്സ് കരവൂരിലെ ചടച്ചിക്കുണ്ടത്തെ സൗജന്യ വോളിബോൾ ക്യാംപിൽ ചേർന്നത്.
പിന്നീട് കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ വോളിബോൾ പരിശീലകൻ കെ.പ്രമോദന്റെ ശിക്ഷണം ലഭിച്ചു. അറ്റാക്കറും ബ്ലോക്കറുമായി പൊസിഷൻ മാറി കളിച്ച രേവതി ഇപ്പോൾ യൂണിവേഴ്സൽ പൊസിഷനിലാണു കളിക്കുന്നത്.ചങ്ങനാശേരി അസംപ്ഷൻ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായ രേവതി ഇപ്പോൾ വോളി പരിശീലകൻ നവാസ് വഹാവിന്റെ ശിഷ്യയാണ്. സഹോദരി ഗായത്രി എംഎസ്ഡബ്ല്യു കഴിഞ്ഞു ബെംഗളൂരുവിൽ ജോലി ചെയ്യുന്നു.