തലശ്ശേരി സായിയിൽ കായികതാരങ്ങള് സ്വയം പരിശീലനത്തിൽ

Mail This Article
തലശ്ശേരി ∙ അത്‍ലറ്റിക്സ് കോച്ചില്ല! സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) തലശ്ശേരി കേന്ദ്രത്തിലെ കുട്ടികൾ നഗരസഭാ സ്റ്റേഡിയത്തിൽ സ്വയം പരിശീലിക്കുന്നു. ജൂനിയർ കുട്ടികളെ സീനിയേഴ്സ് പരിശീലിപ്പിക്കും. സീനിയേഴ്സ് സ്വയം പരിശീലിക്കും എന്നതാണ് ഇപ്പോൾ ഒരാഴ്ചയായുള്ള പരിശീലന രീതി. സായിലെ അത്‍ലറ്റിക് കോച്ച് ജോസ് മാത്യു 2023 മേയിൽ വിരമിച്ചതിനുശേഷം പുതിയ പരിശീലകനെ നിയമിച്ചിരുന്നില്ല. സായ് ഉന്നതരുടെ ആവശ്യത്തെത്തുടർന്ന് അദ്ദേഹം തന്നെയാണു വേതനമില്ലാതെ കഴിഞ്ഞ 20 മാസവും പരിശീലനം നടത്തിയത്.
പരിശീലനം നൽകണമെങ്കിൽ സായ് അധികൃതരിൽനിന്നു കത്ത് വേണമെന്നു ജോസ് മാത്യു ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിക്കാത്തതും അവഗണനയും മൂലം ഇനി തുടരാനാവില്ലെന്നു സായ് അധികൃതരെ അറിയിച്ചതിനുശേഷം ജോസ് മാത്യു സേവനം അവസാനിപ്പിച്ചു. 17 കുട്ടികളാണു സായ് സെന്ററിൽ അത്‍ലറ്റിക്സ് പരിശീലനം നേടുന്നത്. മുൻപ് നല്ല ബാസ്കറ്റ് ബോൾ ടീം ഉണ്ടായിരുന്ന തലശ്ശേരിയിൽ പരിശീലകനില്ലാതെ വന്നതോടെ കുട്ടികൾ മറ്റു കേന്ദ്രങ്ങളിലേക്കു മാറി പോവുകയും ബാസ്കറ്റ്ബോൾ പരിശീലനം നിലക്കുകയും ചെയ്തിരുന്നു.
മയൂഖ ജോണി, വി.നീന, നയന ജെയിംസ് ഉൾപ്പെടെ രാജ്യാന്തര തലത്തിൽ തിളങ്ങിയ അത്‍ലീറ്റുകളെ സംഭാവന ചെയ്ത തലശ്ശേരി കേന്ദ്രത്തിൽനിന്ന് അത്‍ലറ്റിക്സും മാറ്റപ്പെടുമോ എന്ന ആശങ്കയാണു കായിക പ്രേമികൾക്ക്. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം. എന്നാൽ അത്‍ലറ്റിക്സിൽ പരിശീലകനെ നിയമിച്ചിട്ടുണ്ടെന്നും പരീക്ഷയ്ക്കു പോയിരിക്കുകയാണെന്നുമാണു സായ് അധികൃതരുടെ വിശദീകരണം.