ഇരിട്ടിയെ വിരട്ടി പരുന്ത് !; ടൗണിൽ പരുന്തിന്റെ ആക്രമണം വീണ്ടും

Mail This Article
ഇരിട്ടി ∙ ടൗണിൽ യാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി പരുന്തിന്റെ ആക്രമണം. ഇന്നലെ ഒരാളെക്കൂടി കൊത്തിപ്പരുക്കേൽപിച്ചു. ഇരിട്ടി കാർഷിക വികസന സഹകരണ ബാങ്കിലെ കാഷ്യർ എടൂർ നെടുമുണ്ട സ്വദേശി നോബിൻ ജോസഫിനെയാണ്(41) ഇന്നലെ പഴയ പാലം ജംക്‌ഷനിലെ മുസ്‌ലിം പള്ളിക്കു സമീപത്തു വച്ചു പരുന്ത് ആക്രമിച്ചത്.
ജോലിക്ക് എത്തുന്നതിനായി പഴയ പാലത്തിലെ പേ പാർക്കിങ് കേന്ദ്രത്തിൽ വാഹനം വച്ചു ഓഫിസിലേക്കു നടക്കുമ്പോഴാണ് ആക്രമണം. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വാക്സീൻ കുത്തിവയ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടൽ ജീവനക്കാരനായ വിളക്കോട് സ്വദേശി ഒമ്പാൻ റഫീഖിനു നേരെയും പരുന്തുകളുടെ ആക്രമണം ഉണ്ടായി. പള്ളിയിൽ പോയി മടങ്ങിവരുമ്പോൾ ഇതേസ്ഥലത്തു വച്ചായിരുന്നു ആക്രമണം.
പരുന്തുകൾ സമീപത്തേക്കു വരുന്നതു കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തലയിൽ കൊത്തുകയായിരുന്നു. ആളുകൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സ്ഥിതിയാണ്.പഴയ പാലം ജംക്‌ഷൻ കേന്ദ്രീകരിച്ചാണു പരുന്തുകളുടെ ആക്രമണം. നടന്നു പോകുന്നു ആളുകളുടെ അടുത്തേക്ക് ഇരയെ റാഞ്ചുന്ന വേഗത്തിൽ പാഞ്ഞെത്തി കൊത്തി പരുക്കേൽപ്പിക്കുകയാണ്. വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. ഇവിടെയുള്ള മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് 2 പരുന്തുകൾ കൂടു കൂട്ടി കൂടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.