പി.പി.ദിവ്യയ്ക്കു ബെനാമി കമ്പനി; കോടികൾ സമ്പാദിച്ചു: കെഎസ്‌യു

Mail This Article
കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി.ദിവ്യ അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. കോടികളുടെ കരാറുകൾ നൽകിയതു ബെനാമി ഉടമസ്ഥതയിലുള്ള സ്വന്തം കമ്പനിക്കാണെന്നും കമ്പനി ഉടമയുടെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.
എന്നാൽ വ്യാജ ആരോപണം ഉന്നയിച്ച ഷമ്മാസിനെതിരെ നിയമനടപടിയെടുക്കുമെന്ന് പി.പി.ദിവ്യ അറിയിച്ചു.ഷമ്മാസിന്റെ ആരോപണം: ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം 2021 ഓഗസ്റ്റ് ഒന്നിനാണ് കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബെനാമി കമ്പനി രൂപീകരിച്ചത്. ദിവ്യയുടെ സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് എംഡി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രീ ഫാബ്രിക് നിർമാണങ്ങളാണ് സിൽക്ക് വഴി ഈ കമ്പനിക്കു ലഭിച്ചത്. മൂന്നു കൊല്ലത്തിനിടെ 12 കോടിയിലധികം രൂപയുടെ ജോലികൾ ഈ കമ്പനിക്കു നൽകി.ദിവ്യയുടെ ഉറ്റ സുഹൃത്തും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ഷാജിറിനും ഈ ഇടപാടിൽ പങ്കുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ കരാറുകളും ഈ കമ്പനിക്കു ലഭിച്ചു.
ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിൽ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് വി.പി.അജിത്തിന്റെയും പേരിൽ നാലേക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകൾ കൈവശമുണ്ടെന്ന് ഷമ്മാസ് പറഞ്ഞു.തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പി.പി.ദിവ്യ പറഞ്ഞു.