മുരൾച്ചയും അനക്കവും കേട്ടു; പുലിയെന്നുറപ്പിച്ച് നാട്ടുകാർ

Mail This Article
കണിച്ചാർ∙ ഒടുവിൽ കണിച്ചാർ പഞ്ചായത്തിലെ കിഴക്കേ മാവടിയിൽ ചുറ്റി നടന്നത് പുലിയാണെന്ന് നാട്ടുകാർ സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ കിഴക്കേ മാവടിയിലെ തോട്ടത്തിൽ റബർ ടാപ്പിങ്ങിനു പോയ തുറയ്ക്കൽ സണ്ണി പുലിയെ നേരിട്ടു കണ്ടു. പുലർച്ചെ മൂന്നരയോടെ ടാപ്പിങ് തുടങ്ങിയ സണ്ണി ജോലി ചെയ്യുന്നതിന് ഇടയിൽ സമീപത്ത് നിന്ന് മുരൾച്ചയും അനക്കവും കേട്ടതിനെ തുടർന്ന് നോക്കിയപ്പോൾ ആണ് പുലിയെ കണ്ടത്.ഭയന്ന് ഒച്ചയുണ്ടാക്കി രക്ഷപ്പെടുന്നതിന് ഇടയിൽ പുലിയും അടുത്ത തോട്ടത്തിലേക്ക് ഓടി മറഞ്ഞു. തുടർന്ന് സമീപവാസികളെ വിളിച്ചു കൂട്ടി പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും പുലിയെ പിന്നീട് കണ്ടില്ല. പുള്ളികൾ ഒക്കെ വ്യക്തമായി കണ്ടെന്നും വലിയ പുലിയാണെന്നും സണ്ണി പറയുന്നു. വനം വകുപ്പ്് ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് പരിശോധന നടത്തിയെങ്കിലും കാൽപാടുകളോ വന്യജീവി പ്രദേശത്ത് എത്തിയതിന്റെ മറ്റ് അടയാളങ്ങളോ കണ്ടെത്തിയിട്ടില്ല.
ഇതിന് സമീപത്ത് തന്നെ കർഷകനായ തുറയ്ക്കൽ ജോണിയും റബർ ടാപ്പിങ് നടത്തുന്നുണ്ടായിരുന്നു. ജോലിക്കിടയിൽ ഒരു കുറുക്കനെ ഏതോ ജീവി ഓടിക്കുന്ന ശബ്ദം കേട്ടതായി ജോണിയും പറയുന്നു. കൊട്ടിയൂർ വെസ്റ്റ് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സജീവ് കുമാർ, ബിഎഫ്ഒ. പി.സുബില, പഞ്ചായത്തംഗം സുനി ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും കൂടി ചേർന്നാണ് പരിശോധന നടത്തിയത്. പ്രദേശത്ത് രാത്രി പട്രോളിങ് നടത്തുമെന്ന് എസ്എഫ്ഒ സജീവ് കുമാർ പറഞ്ഞു.ഇതിനിടയിൽ നെടുംപുറംചാൽ നെല്ലാനിക്കലിൽ ബാബുവിന്റെ വീടിന് സമീപം വന്യജീവിയുടെ കാൽപാടുകൾ കണ്ടെത്തി. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാടുകൾ കാട്ടുപൂച്ചയുടേതാണെന്ന് സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ മാവടി, പെരുന്തോടി, നെടുംപുറംചാൽ, പൂളക്കുറ്റി മേഖലകളിൽ പുലിയെ പതിവായി കാണുമ്പോഴും വനം വകുപ്പ് സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
കാൽപാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താത്തതാണ് വനം വകുപ്പിന്റെ സ്ഥിരീകരണം ഉണ്ടാകാത്തതിന് കാരണം. വന്യജീവിയുടെ സാന്നിധ്യം പതിവായതോടെ പ്രദേശത്തെ കർഷകർ പ്രതിസന്ധിയിലാണെന്ന് കണിച്ചാർ പഞ്ചായത്തംഗം സുനി ജസ്റ്റിൻ പറഞ്ഞു. റബർ ടാപ്പിങ് മാത്രമല്ല കൃഷിയിടങ്ങളിലെ മറ്റ് പണികളും മുടങ്ങുകയാണ്. ഒറ്റയ്ക്ക് കൃഷിയിടത്തിലേക്ക് പോകാനും കുട്ടികളെ സ്കൂളിൽ അയയ്ക്കാനും വരെ ജനത്തിന് ഭയമായി തുടങ്ങിയിട്ടുണ്ട് എന്നും സുനി ജസ്റ്റിൻ പറഞ്ഞു.ഇതേ സമയം കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിൽ വന്യജീവിയുടെ കാൽപാട് കണ്ട പ്രദേശത്ത് വനം വകുപ്പ് രാത്രി പട്രോളിങ് തുടരുകയാണ്. രണ്ട് മുള്ളൻപന്നികളെ കൊന്നുതിന്ന വന്യജീവി കടുവയാണെന്നാണ് നാട്ടുകാർ പറയുന്നത്. കാൽപാടുകൾ കടുവയുടെതിന് സമാനമാണെന്നും നാട്ടുകാർ പറയുമ്പോഴും സ്ഥിരീകരിക്കാൻ വനം വകുപ്പിന് സാധിച്ചിട്ടില്ല.