മോഷ്ടിച്ച ബൈക്കിലെത്തി സ്കൂളിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

Mail This Article
പയ്യന്നൂർ ∙ മോഷ്ടിച്ച ബൈക്കിലെത്തി സ്കൂളിൽ കവർച്ച നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ടൗണിലെ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കവർച്ച നടത്തിയ കാങ്കോൽ കുണ്ടയംകൊവ്വൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തെ ഡ്രൈവർ എ.ജി.ജമീൽ (36), പെയ്ന്റിങ് തൊഴിലാളി കുണ്ടയംകൊവ്വൽ നഫീസ മൻസിലിൽ എൻ.പി.യഹിയ (34) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഈ മാസം 12ന് രാത്രിയിലാണ് സ്കൂൾ ഓഫിസ് മുറി കുത്തിത്തുറന്ന് 30,000 രൂപ വിലവരുന്ന ലാപ്ടോപ് കവർന്നത്.തൊട്ടടുത്ത ക്ലാസ് മുറിയിൽനിന്ന് ബനിയനും ചുറ്റികയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.13ന് രാവിലെ 6ന് ആണ് ഇവർ കവർച്ച ചെയ്ത സാധനങ്ങളുമായി സ്കൂളിൽ നിന്ന് പോയത്. ഇവരുടെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞു. 12ന് രാത്രിയിൽ പ്രതികൾ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സലാം ഹാജി ക്വാർട്ടേഴ്സിൽ നിന്ന് പനയാൽ കരുവക്കോട് സ്വദേശി വി.പ്രകാശന്റെ ബൈക്ക് മോഷ്ടിച്ചാണ് പയ്യന്നൂരിൽ കവർച്ചയ്ക്കെത്തിയത്. ഈ ബൈക്ക് പെരുമ്പയിലെ ജ്വല്ലറിക്ക് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
കാത്തിരുന്ന് പിടികൂടി
പയ്യന്നൂർ ∙ 30ൽ അധികം സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് വിദഗ്ധർ ശേഖരിച്ച തെളിവുകളും പരിശോധിച്ചാണ് പ്രതികളെക്കുറിച്ചുള്ള വിവരം കണ്ടെത്തിയത്. നേരത്തേ ഗൾഫിലായിരുന്ന ജമീൽ എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കവർച്ച നടത്തിയശേഷം ഇയാൾ എറണാകുളത്തേക്ക് കടന്നു. പ്രതി വീട്ടിലേക്ക് വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഒപ്പം കൂട്ടുപ്രതിയെയും പിടികൂടി.ഇൻസ്പെക്ടർക്കൊപ്പം ഡിവൈഎസ്പിയുടെ സ്ക്വാഡിലെ എസ്ഐ കെ.പി.ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ അഞ്ചില്ലത്ത്, എ.ജി.അബ്ദുൽ ജബ്ബാർ, നിഷാന്ത്, എൻ.എം.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.