നീലായിലെ പുലിസാന്നിധ്യം; വനംവകുപ്പ് ബേസ് ക്യാംപ് തുടങ്ങി

Mail This Article
ഇരിട്ടി ∙ ചതിരൂർ നീലായിൽ ഭീതിപരത്തിയ വന്യജീവി പുലിയാണെന്നു വ്യക്തമായതോടെ, ആശങ്കയകറ്റാൻ നടപടികൾ ഊർജിതമാക്കി വനംവകുപ്പ്. 24 മണിക്കൂറും പട്രോളിങ്ങിനു ബേസ് ക്യാംപ് തുടങ്ങി. നീലായ്മലയിലെ ക്യാംപ് ഷെഡാണ് ബേസ് സ്റ്റേഷനാക്കിയത്. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷിന്റെ സാന്നിധ്യത്തിൽ പ്രദേശവാസികളുമായി ചർച്ച നടത്തിയ ശേഷം, 1.5 കിലോമീറ്റർ സോളർ തൂക്കുവേലി അറ്റകുറ്റപ്പണിയും അടിക്കാട് തെളിക്കലും ഇന്നു തുടങ്ങാൻ നിർദേശം നൽകി.പൊട്ടിച്ചപ്പാറ മുതൽ നീലായ് വരെ 4.5 കിലോമീറ്റർ സോളർ തൂക്കുവേലി നിർമാണം വേഗത്തിലാക്കാനും നിലവിലെ വേലി ഉൾപ്പെടുന്ന നീലായ് മുതൽ 2 കിലോമീറ്റർ ദൂരം പുതിയ സോളർ തൂക്കുവേലിക്കുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. നാട്ടുകാരുടെ ഭീതി അകലുംവരെ ബേസ് ക്യാംപ് പ്രവർത്തിക്കും.

കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ആർആർടി വെറ്ററിനറി സർജൻ ഡോ. ഏലിയാസ് റാവുത്തർ, കീഴ്പ്പള്ളി സെക്‌ഷൻ ഫോറസ്റ്റർ കെ.പ്രകാശൻ എന്നിവർ ക്യാംപിന് നേതൃത്വം നൽകും.പുലിയെ ഉൾവനത്തിലേക്കു തുരത്തുന്നതിനാണു പ്രഥമ പരിഗണന നൽകുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ കൂടുവച്ചു പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു.നീലായ്മലയിൽ ഇന്നലെയും തിരിച്ചിൽ നടത്തിയ ആറളം അസി.വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പുലിയുടെ സാന്നിധ്യം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അവലോകനയോഗത്തിൽ നിർദേശിച്ചതുപ്രകാരമാണ് ഇന്നലെ സിസിഎഫ് നീലായിൽ എത്തിയത്.
കണ്ണൂർ വനം എസ്ഐപി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.രതീശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.ആറളം പഞ്ചായത്ത് വാർഡ് അംഗം ഇ.സി.രാജു, കെ.ടി.ജോസ്, അജയൻ പായം, കെ.ബി.ഉത്തമൻ, ചുണ്ടൻതടത്തിൽ ബിനോയി, പി.കെ.കുഞ്ഞുമൊയ്തീൻ, പുതുപ്പറമ്പിൽ തങ്കൻ, ജെയ്സൻ വടക്കേൽ, ജോയി ചെരിയംകുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ തങ്ങളുടെ ആശങ്കകൾ സിസിഎഫിനെ അറിയിച്ചു. തനിയെ ആരും വനത്തിൽ പോകരുതെന്നു വനപാലകർ കൂടെ വരുമെന്നും അപകട സാഹചര്യം ഒഴിവാക്കാൻ സഹകരിക്കണമെന്നും ഉന്നതതല സംഘം ആവശ്യപ്പെട്ടു.
തുടർനടപടികൾക്കായി പ്രത്യേക സമിതി
പുലി ഭീതി അകറ്റുന്നതിനുള്ള തുടർനടപടികൾക്കായി പ്രത്യേക സമിതിക്ക് രൂപം നൽകി. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കേണ്ടുന്ന നടപടി ക്രമങ്ങളുടെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയിൽ ആറളം പഞ്ചായത്ത് സ്ഥലം വാർഡ് അംഗം ഇ.സി.രാജു, കണ്ണൂർ ഡിഎഫ്ഒയുടെ ചുതലയുള്ള വയനാട് ഡിഎഫ്ഒ മാർട്ടിൽ ലോവൽ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, വയനാട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസ്, എൻജിഒ പ്രതിനിധികളായ രമിത്ത് (ഡബ്ല്യുടിഐ), ഡോ. റോഷ്നാദ് രമേശ് (മാർക്ക്) എന്നിവരാണ് അംഗങ്ങൾ. പുലിയെ ജനവാസ മേഖലയിൽ നിന്നു മാറ്റുന്നതിനു ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുന്നതു ഉൾപ്പെടെയുള്ള നടപടികൾ ഈ സമിതി ചീഫ് വൈൽഡ് ലൈഫ് വാർഡനു റിപ്പോർട്ട് നൽകി വേണം നടപ്പാക്കാൻ.