മോഷണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ ഓടിരക്ഷപ്പെട്ടു

Mail This Article
ചക്കരക്കൽ ∙ വീട്ടിൽ മോഷണം നടത്തിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ ഓടിരക്ഷപ്പെട്ടു. മുണ്ടേരി ചിറക്ക് സമീപം പണ്ടാരവളപ്പിൽ ആയിഷയുടെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആയിഷയുടെ ഭർത്താവ് സുലൈമാന്റെ മൊബൈൽ ഫോണാണ് കവർന്നത്. മോഷണത്തിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് രക്ഷപ്പെടാൻ നടത്തിയ ശ്രമം ഏറെ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ സുലൈമാൻ അടുക്കള ഭാഗത്തെ മുറിക്കകത്തു പൂട്ടിയിടുകയായിരുന്നു.
മുറിയിലുണ്ടായിരുന്ന ഉലക്ക ഉപയോഗിച്ച് വാതിൽ പൊളിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച റോൾഡ് ഗോൾഡ് സ്വർണമാണെന്ന് കരുതി മോഷ്ടാവ് കൊണ്ടുപോയി. ചക്കരക്കൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന.