കണ്ടൽക്കാടുകൾക്കിടയിൽ സുരേന്ദ്രന്റെ ശുചിത്വജീവിതം

Mail This Article
തലശ്ശേരി∙ ‘പുഴയിലേക്കു മാലിന്യം വലിച്ചെറിയരുത് സുഹൃത്തേ...’ എന്ന് അപേക്ഷിച്ചുകൊണ്ടാണ് രവീന്ദ്രൻ (കണ്ടൽ സുരേന്ദ്രൻ) എന്നും കൊടുവള്ളിപ്പുഴയിലിറങ്ങുന്നത്. പുഴയിലെ ഇടതൂർന്ന കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് കിലോക്കണക്കിനു മാലിന്യമാണ് എന്നും ഇദ്ദേഹം വാരിയെടുക്കുന്നത്. ജനുവരി ഒന്നിന് ആരംഭിച്ച ശുചീകരണയജ്ഞം ഇപ്പോഴും തുടരുന്നു. വീനസ് കോർണർ മുതൽ കൊടുവള്ളി പഴയപാലം വരെ കുപ്പികളും പ്ലാസ്റ്റിക്കും പഴയ ക്ലോസറ്റുകളും വരെയാണു കണ്ടലിനു ഭീഷണിയായുള്ളത്. സുരേന്ദ്രൻ എടുത്തുമാറ്റിയ 4 ലോറി മാലിന്യം നഗരസഭയുടെ ലോറികളിൽ കയറ്റിവിട്ടു. ഇനിയും കൊണ്ടുപോകാനുണ്ട്. ആയിരക്കണക്കിന് മദ്യക്കുപ്പികളാണ് കൊടുവള്ളിപ്പുഴയിൽ കണ്ടലിനിടയിലേക്കു വലിച്ചെറിഞ്ഞിട്ടുള്ളത്. വനം വകുപ്പിന്റെ സംരക്ഷിത മേഖലയാണിത്. വേലിയിറക്ക സമയത്ത് ദിവസവും 3 മണിക്കൂർ കണ്ടൽ സുരേന്ദ്രൻ കണ്ടലുകൾക്കിടയിലാണ്.
ഓട്ടോ ഡ്രൈവറായ സുരേന്ദ്രൻ നേരത്തേ വനം വാച്ചറായിരുന്നു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പുഴകളിലും പുഴയോരത്തും കണ്ടൽ നട്ടുവളർത്താൻ പോയിട്ടുമുണ്ട്. കൊല്ലം വള്ളിക്കാവ് സ്വദേശിയാണ്. കായംകുളം എംഎസ്എം കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ ധർമടത്ത് ഇളയച്ഛന്റെ വീട്ടിലെത്തിയതാണ് രവീന്ദ്രൻ. കക്ക വാരാൻ ഇളയച്ഛനെ സഹായിച്ച് ഒപ്പം കൂടി. സുരേന്ദ്രൻ വൈകാതെ കണ്ടലുകളുടെ തോഴനായി.
കണ്ടലിനെക്കുറിച്ച് എന്തു സംശയമുണ്ടെങ്കിലും സുരേന്ദ്രൻ പറഞ്ഞു തരും. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്ന് ഗവേഷകരും വിദ്യാർഥികളും സുരേന്ദ്രനെ തേടി കൊടുവള്ളിപ്പുഴയോരത്ത് എത്തും. കണ്ടലിന്റെ ആവാസവ്യവസ്ഥ, വളർച്ച, ഇതിനെ ബാധിക്കുന്ന രോഗങ്ങൾ, ഇവിടെയെത്തുന്ന ദേശാടന പക്ഷികൾ എല്ലാം രവീന്ദ്രന് ഹൃദിസ്ഥം. ധർമടം ഒഴയിൽഭാഗം സീപേൾ വീട്ടിലാണ് താമസം. ഭാര്യ: ടി.ജമീല. മകൻ സുജീർ ഡൽഹിയിൽ എൻജിനീയറാണ്.