ഭീതിയൊഴിയാതെ ആറളം; രാപകലില്ലാതെ കാട്ടാന

Mail This Article
ഇരിട്ടി ∙ മുണ്ടക്കയത്തും വയനാട്ടിലുമായി രണ്ടു ദിവസത്തിനിടെ രണ്ടു പേർക്ക് കാട്ടാനക്കലിയിൽ ജീവൻ നഷ്ടപ്പെട്ടതിൽ കേരളം നടുങ്ങി നിൽക്കുമ്പോൾ ആറളം ഫാമിലും ഭീതിദമായ സാഹചര്യം. ആറളം ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും രാപകലില്ലാതെ കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുകയാണ്. രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളാണ് മതിയായ സുരക്ഷയില്ലാതെ പുനരധിവാസ മേഖലയിൽ മാത്രം കഴിയുന്നത്. ഓരോ ദിനവും ദുരന്തവാർത്ത കേൾക്കരുതേയെന്ന പ്രാർഥനയോടെയാണ് താമസക്കാർ നേരം വെളുപ്പിക്കുന്നത്.
10 വർഷത്തിനിടെ 12 ജീവനുകളാണ് ഫാമിനുള്ളിൽ മാത്രം കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞത്. അടുത്തിടെ ഫാമിൽ കാട്ടാന ശല്യം രൂക്ഷമാണ്. വിളിപ്പുറത്തു ഫാമിൽ തന്നെ വനം ആർആർടി ഓഫിസ് തുറന്നതും ഇവിടെ നിന്നുള്ള വനപാലകർ 24 മണിക്കൂറും ഫാമിൽ എവിടെയും ഓടിയെത്തുന്നതുമാണ് ദുരന്തങ്ങൾ ഒഴിവാക്കുന്നത്. മേഖലയിൽ മനുഷ്യ – വന്യജീവി സംഘർഷം അതിരൂക്ഷമാണെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ ജനവികാരം സർക്കാരിനെതിരാകുമെന്നും കഴിഞ്ഞ മാസം രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
മൂന്ന് ആഴ്ചയ്ക്കിടെ മൂന്ന് വീടുകളാണ് ഫാമിൽ ആന തകർത്തത്. ഓരോ സമയത്തും ജീവഹാനി ഉണ്ടാകാതെ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. നാൽപതോളം ആനകൾ ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇന്നലെ പകൽ ചോമാനി വയൽ ഭാഗത്ത് കണ്ടെത്തിയ കൊമ്പനെ ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചുവിട്ടിരുന്നു. മുഴുവൻ ആനകളെയും ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി അതിർത്തിയിൽ താൽക്കാലിക വൈദ്യുതിവേലി കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി തന്നെ ഇടപെട്ട് ആനമതിൽ നിർമാണം പുനരാരംഭിച്ചെങ്കിലും ഊർജിതമല്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞ മാസം 24 ന് പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13 ലെ റീന – ശ്രീധരൻ ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തിരുന്നു. ആക്രമണ സമയത്ത് ദമ്പതികൾ ചികിത്സാ ആവശ്യാർഥം കണ്ണൂരിൽ ആയതാണു രക്ഷയായത്. 27ന് ബ്ലോക്ക് 13ൽ 55ൽ മല്ലിക ജോഷിയുടെ വീട് തകർത്തു. വീട്ടിലുണ്ടായിരുന്ന മല്ലികയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ മാസം 7ന് പത്താം ബ്ലോക്കിലെ ഷൈല – കൃഷ്ണൻ ദമ്പതികളുടെ വീടിന്റെ വാതിലും കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്ന ദമ്പതികൾ ഭയന്നുവിറച്ചാണ് നേരം വെളുപ്പിച്ചത്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും അംഗം വി.ശോഭയും ഉൾപ്പെടുന്ന ജനപ്രതിനിധി സംഘം ഫാം റോഡിൽ വഴിയിൽ ആന നിന്നതിനെത്തുടർന്നു കുടുങ്ങിയ സംഭവവും ഉണ്ടായി. ആർആർടി എത്തി ആനയെ ഓടിച്ച ശേഷമാണ് യാത്ര തുടർന്നത്.