കരിന്തളം–വയനാട് 400 കെവി ലൈൻ പ്രത്യേക നഷ്ടപരിഹാര പാക്കേജ്: പ്രതീക്ഷ നൽകി മന്ത്രിയുടെ ചർച്ച

Mail This Article
ഇരിട്ടി ∙ ജനവാസ മേഖലകളിൽ നിർമാണം നിർത്തിവച്ച കരിന്തളം - വയനാട് 400 കെവി വൈദ്യുത ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ടു സ്ഥലം നഷ്ടപ്പെടുന്നവർക്കുള്ള ‘പ്രത്യേക നഷ്ടപരിഹാര പാക്കേജ്’ സംബന്ധിച്ച് അന്തിമ ധാരണയില്ലെങ്കിലും കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷ നൽകി മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ച യോഗം. ഭൂമി വില സാഹചര്യം പരിഗണിച്ചു പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുമെന്നു മന്ത്രി സൂചന നൽകിയതിന്റെ പ്രതീക്ഷയിലാണു ജനപ്രതിനിധികളും കർമസമിതി പ്രതിനിധികളും. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനു ന്യായവിലയുടെ നാലിരട്ടിയുടെ 85 ശതമാനമോ വിപണി വിലയുടെ 85 ശതമാനമോ ഏതാണോ അധികം ആ തുക നൽകും.
ഭൂമിയെ മൂന്നായി തിരിച്ചാണു നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. വിളകൾക്കു പരമാവധി വില നഷ്ടപരിഹാരം നൽകും. കണിച്ചാറിലും മുടയരിഞ്ഞിയിലും ലൈനിന്റെ അലൈൻമെന്റ് മാറ്റം സംബന്ധിച്ചു പഠിച്ചു അനുകൂല തീരുമാനം എടുക്കുമെന്നു ചെയർമാൻ ബിജു പ്രഭാകർ അറിയിച്ചു. അരയേക്കറോ അതിൽ താഴെയോ സ്ഥലമുള്ളവർക്കു പൂർണമായ സ്ഥലത്തിനും നഷ്ടപരിഹാരം നൽകും. വിളകൾ മുറിച്ചശേഷം സ്ഥലവുടമയ്ക്കു നൽകും. വീടുകളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കും. 4 മാസം കൊണ്ടു സർവേ പൂർത്തിയാക്കി നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ കൈമാറും.
എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.ഐ.മധുസൂദനൻ, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജേഷ്, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പി.രജനി, പി.സി.ഷാജി, ആന്റണി സെബാസ്റ്റ്യൻ, ജോജി കന്നിക്കാട്ട്, സാജു സേവ്യർ, കർമ സമിതി ഭാരവാഹികളായ ഫാ.പയസ് പടിഞ്ഞാറേമുറിയിൽ, തോമസ് വർഗീസ്, ബെന്നി പുതിയാംപുറം, ടോമി കരുവഞ്ചാൽ തുടങ്ങിയവർ പങ്കെടുത്തു.