ജില്ലാ പഞ്ചായത്ത് യോഗം: ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം; ബഹളം

Mail This Article
കണ്ണൂർ∙ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ടുള്ള സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പദ്ധതി നടത്തിപ്പിൽ കടുത്ത അനാസ്ഥയാണ് ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പദ്ധതികൾ നടപ്പാക്കാനായി തട്ടിക്കൂട്ട് സ്ഥാപനങ്ങൾക്കാണ് ടെൻഡർ നൽകിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിരോധിച്ച് ഭരണപക്ഷാംഗങ്ങളും എത്തിയതോടെ ബഹളമായി. പ്രതിപക്ഷാംഗങ്ങൾ പ്രസിഡന്റിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിന് പിന്നാലെ യോഗം ബഹിഷ്കരിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ ഷോ കാണിക്കേണ്ടെന്നും ആരും പേടിപ്പിക്കേണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി പ്രതിപക്ഷാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ, 73 സ്കൂളുകളിൽ നൽകിയ വാട്ടർ പ്യൂരിഫെയറിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം, പ്രീ ഫാബ്രിക്കേറ്റഡ് ശുചിമുറികൾ ഗുണപ്രദമാകാത്തത്, മെഗാ പുസ്തക പ്രകാശനത്തിനായി അധികമായി 90,000 രൂപ നൽകിയത്, മയ്യിൽ ആരൂഡം പദ്ധതി– മാതമംഗലം ബ്രഡ് നിർമാണ യൂണിറ്റ് എന്നിവ ഗുണപ്രദമായില്ല തുടങ്ങിയ കാര്യങ്ങളിലാണ് ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പല പദ്ധതികളിലും വലിയ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് തോമസ് വെക്കത്താനം പറഞ്ഞു.
ന്യൂറോളജി ഡോക്ടർ തസ്തികയില്ല
∙ ജില്ലാ ആശുപത്രിയിൽ ന്യൂറോളജി ഡോക്ടർ തസ്തികയില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി. വർക്ക് അറേഞ്ചിന്റെ ഭാഗമായാണ് നിലവിൽ ന്യൂറോളജി ഡോക്ടർ ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നത്. അദ്ദേഹം സ്ഥലംമാറിപ്പോയി. ന്യൂറോളജി ഡോക്ടറുടെ അഭാവം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. ന്യൂറോളജി ഡോക്ടറുടെ അഭാവം ജില്ലാ ആശുപത്രിയിൽ രോഗികളെ പ്രതിസന്ധിയിലാക്കുന്നെന്നു ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ്.