കെ ടോൾ കാട്ടിൽ കിടക്കും: രാഹുൽ

Mail This Article
ശ്രീകണ്ഠപുരം∙ കേരളത്തിലെ കിഫ്ബി റോഡുകളിൽ കെ ടോൾ ഏർപ്പെടുത്തിയാൽ കെ റെയിലിന്റെ കുറ്റി പോലെ ടോൾ ബൂത്തുകൾ കാട്ടിൽ കിടക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ സർവകലാശാല യുഡിഎഫ് കൊണ്ടുവരാൻ തീരുമാനിച്ചപ്പോൾ എതിർത്ത എസ്എഫ്ഐക്കാർ ഇപ്പോൾ പറയുന്നത് നിങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ച സർവകലാശാല പോലെയല്ല ഞങ്ങൾ നടപ്പാക്കുക എന്നാണ്. നിങ്ങൾ കൊണ്ടുവരുന്ന വിദേശ സർവകലാശാലയുടെ ആസ്ഥാനം പിണറായിയിൽ ആയിരിക്കുമോ എന്ന് വ്യക്തമാക്കണം. 2026 മേയ് മാസം കഴിഞ്ഞാൽ ജനങ്ങൾ നിങ്ങളെ കല്ലെറിഞ്ഞ് ഓടിക്കും. ഷുഹൈബിനെ കൊന്ന ആകാശ് തില്ലങ്കേരിയും ആകാശ് തില്ലങ്കേരിയെ അയച്ചവരെയും തുറുങ്കിലിടും. – അദ്ദേഹം പറഞ്ഞു.
പൊതു സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, എഐസിസി വക്താവ് ഷമ മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എംഎൽഎ, പ്രിൻസ് പി.ജോർജ്, സുധീഷ് വെള്ളച്ചാൽ റോബർട്ട് വെള്ളാംവെള്ളി, ഫർസീൻ മജീദ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ഡോ.കെ.വി.ഫിലോമിന, ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എടയന്നൂർ, മുഹമ്മദ് ബ്ലാത്തൂർ, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ എന്നിവർ പ്രസംഗിച്ചു.

വേദിയിൽ പിതാവ്
∙ അനുസ്മരണ വേദിയിൽ വേദനയായി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എടയന്നൂർ. സ്വാഗത പ്രസംഗം നടന്നു കൊണ്ടിരിക്കെയായിരുന്നു മുഹമ്മദ് വേദിയിലേക്കു വന്നത്. വേദിയിലുണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, സജീവ് ജോസഫ് എംഎൽഎ എന്നിവർ മുഹമ്മദിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു.
പുഷ്പാർച്ചന നടത്തി
ചാലോട്∙ ഷുഹൈബ് എടയന്നൂരിന്റെ ഏഴാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എടയന്നൂർ ഷുഹൈബ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, അനു താജ്, മുഹമ്മദ് പാറയിൽ, വി.ആർ.ഭാസ്കരൻ, വിജിൽ മോഹൻ, സുരേഷ് മാവില, എ.കെ.ദീപേഷ്, പ്രശാന്ത് കൊതേരി, റിയാസ് എടയന്നൂർ, എ.കെ.സതീശൻ എന്നിവർ പങ്കെടുത്തു.
പടുകൂറ്റൻ റാലി
∙ ഷുഹൈബ് അനുസ്മരണത്തോട് അനുബന്ധിച്ച് ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ് പടുകൂറ്റൻ റാലി നടത്തി. 5000ൽ ഏറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.