രാജ്യാന്തര വേദിയിൽ പയ്യന്നൂരിന്റെ കളരിച്ചുവടുകളും

Mail This Article
പയ്യന്നൂർ ∙ പയ്യന്നൂരിന്റെ കളരിച്ചുവടുകൾ രാജ്യാന്തര വേദിയിലേക്ക്. പുതുച്ചേരിയിൽ നടക്കുന്ന തന്ത്രോത്സവ് അന്തർ ദേശീയ വേദിയിലാണ് പയ്യന്നൂരിന്റെ കളരി സമ്പ്രദായമായ വട്ടേൻതിരിപ്പും കോൽക്കളി, ചരട് കുത്തിക്കളി എന്നിവ അവതരിപ്പിക്കാൻ പയ്യന്നൂരിൽ നിന്നു 27 അംഗ സംഘം പോകുന്നത്. ഇതിൽ 5 പെൺകുട്ടികളുണ്ട്. പോണ്ടിച്ചേരി കളരി ഗ്രാമത്തിൽ 14 മുതൽ 26 ശിവരാത്രി വരെ നടക്കുന്ന തന്ത്രോത്സവത്തിലാണ് വിദേശ പ്രതിനിധികൾ ഉൾപ്പെടുന്ന സദസ്സിന് മുന്നിൽ 22ന് പയ്യന്നൂർ യോദ്ധാ കളരിപ്പയറ്റ് അക്കാദമിയിലെ കലാകാരന്മാർ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത്.
കളരിപ്പയറ്റ് ഗുരുവും കണ്ണൂർ മെഡിക്കൽ കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ.എ.കെ.വേണുഗോപാലൻ പരിശീലിപ്പിച്ച സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. കോമൺവെൽത്ത് ഗെയിംസ്, ലോക്റാങ് ഫെസ്റ്റിവൽ, ഇന്റർനാഷനൽ ഫോക്ഫെസ്റ്റിവൽ, ഇന്റർ നാഷനൽ ഫിലിം ഫെസ്റ്റിവൽ, നാഷനൽ തിയറ്റർ ഫെസ്റ്റിവൽ, ദേശീയ സാംസ്കാരികോത്സവം എന്നിങ്ങനെ ഒട്ടേറെ വേദികളിൽ യോദ്ധാ കളരിപ്പയറ്റ് അക്കാദമിയിലെ കലാകാരന്മാർ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.