ആറളം പോർക്കളം, സമരമുഖത്ത് 5 മണിക്കൂർ; മന്ത്രി ശശീന്ദ്രനുനേരെ കരിങ്കൊടി

Mail This Article
ഇരിട്ടി ∙ വനംമന്ത്രി നേരിട്ടെത്തി സംസാരിക്കണമെന്ന ആവശ്യമായിരുന്നു ആറളത്തെ രോഷാകുലരായ ആദിവാസികുടുംബങ്ങൾക്ക് രണ്ടുദിവസമായുണ്ടായത്. ഞായർ വൈകിട്ടു മുതൽ ഇന്നലെ സന്ധ്യയ്ക്ക് 6.50നു മന്ത്രി എ.കെ.ശശീന്ദ്രൻ എത്തുന്നതുവരെ അവർ ആവശ്യത്തിൽ ഉറച്ചുനിന്നു. രാഷ്ട്രീയക്കാരുടെ അനുനയത്തിനോ പൊലീസിന്റെ കയ്യൂക്കിനോ ഈ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാനായില്ല. വന്യജീവികൾക്കു മുന്നിൽ കൂട്ടത്തിലുള്ളവരുടെ ജീവൻ പൊലിയുന്നതുകണ്ടു പേടിച്ച ജനക്കൂട്ടത്തിന്റെ ഇച്ഛാശക്തിയുടെ വിജയമായിരുന്നു ഇന്നലെ ആറളത്ത് കണ്ടത്.

ഞായർ ഉച്ചയോടെയാണ് വെള്ളിയും ലീലയും കൊല്ലപ്പെട്ടത്. മരണം അറിഞ്ഞ് വനംവകുപ്പുകാരെത്തി മൃതദേഹം അംബുലൻസിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതോടെ നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. രാത്രി 11.30ന് ആണു മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാനായത്. അതും ഇന്നലെ മന്ത്രിയെത്തുമെന്ന ഉറപ്പിൽ.ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളമാണ് അവർ സമരവുമായി റോഡിൽനിന്നത്. സ്ഥിതി കൈവിട്ടുപോകുമെന്നു സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ അരുൺ കെ.വിജയനു മനസ്സിലായി. അദ്ദേഹമാണ് മന്ത്രി സ്ഥലം സന്ദർശിക്കുമെന്നു സമരക്കാർക്ക് ഉറപ്പുനൽകിയത്. ഒടുവിൽ സന്ധ്യക്ക് 6.50ന് മന്ത്രിയെത്തി അവർക്ക് ഉറപ്പുനൽകി. ആറളത്തെ ആനമതിൽ നിർമാണം വേഗം പൂർത്തിയാക്കുമെന്നായിരുന്നു പ്രധാന ഉറപ്പ്.

∙ ഡിവൈഎസ്പിമാരായ പി.കെ.ധനഞ്ജയബാബു (ഇരിട്ടി), കെ.പി.പ്രമോദൻ (പേരാവൂർ), വിൻസന്റ് ജോസഫ്, ആറളം എസ്എച്ച്ഒ ആൻഡ്രിക് ഗ്രോമിക് എന്നിവരുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സ്ഥലത്തു തമ്പടിച്ചിരുന്നു. മന്ത്രി എ.കെ.ശശീന്ദ്രനെത്തി സംസാരിക്കാതെ ആംബുലൻസ് കടത്തി വിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജനം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, സിപിഎം നേതാക്കളായ എം.പ്രകാശൻ, വത്സൻ പനോളി, കെ.വി.സക്കീർ ഹുസൈൻ, കെ.മോഹനൻ, പി.ഹരീന്ദ്രൻ, പി.വി.ഗോപിനാഥ് എന്നിവർ സമരക്കാരുമായി സംസാരിക്കാനെത്തി. എന്നാൽ മന്ത്രിയോടല്ലാതെ ആരോടും സംസാരിക്കാനില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. എം.വി.ജയരാജനും രത്നകുമാരിയുമെല്ലാം ഉന്തുംതള്ളിനുമിടയിൽപ്പെട്ടു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ശോഭയ്ക്കു സംഘർഷത്തിനിടെ പരുക്കേറ്റു. അപ്പോഴേക്കും മൃതദേഹങ്ങളുമായി ആംബുലൻസുകളെത്തി. സമരക്കാരെ ഉന്തിമാറ്റി ആംബുലൻസ് കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷം മൂർച്ഛിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വൈസ് പ്രസിഡന്റ് സുധീപ് ജയിംസ്, പി.എ.നസീർ, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട്, സാജു തോമസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ കോൺഗ്രസ് നേതാക്കളും ബിജെപി നേതാക്കളായ ബിജു ഏളക്കുഴി, കെ.രഞ്ജിത്ത്, സി.രഘുനാഥ്, സത്യൻ കൊമ്മേരി, സജീവൻ ആറളം തുടങ്ങിയവരെല്ലാം സമരക്കാരോടു സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രി വരാതെ ഒരടി പിന്നോട്ടില്ലെന്നും തങ്ങളുടെ ശരീരത്തിലൂടെ വണ്ടി കയറ്റേണ്ടി വരേണ്ടിവരുമെന്നും സമരക്കാർ പ്രഖ്യാപിച്ചതോടെ പൊലീസ് പിന്തിരിഞ്ഞു.
മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കണമെന്നു മരിച്ചവരുടെ മക്കളും ബന്ധുക്കളും സമരക്കാരോട് ആവശ്യപ്പെട്ടെങ്കിലും മന്ത്രി വരാതെ പിൻമാറില്ലെന്നു സമരക്കാർ ഉറപ്പിച്ചു പറഞ്ഞു. ഒരു മണിക്കൂറിനു ശേഷമാണു കെ.സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ സ്ഥലത്തെത്തിയത്. ഇരുവരും ആംബുലൻസിൽ കയറി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചശേഷം സമരക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂർ കഴിഞ്ഞാണു കലക്ടർ അരുൺ കെ.വിജയൻ, റൂറൽ പൊലീസ് എസ്പി അനൂജ് പലിവാൾ എന്നിവർ സ്ഥലത്തെത്തി സമരക്കാരോടു സംസാരിച്ചത്. സർവകക്ഷിയോഗത്തിനുശേഷം വൈകിട്ട് 6.50ന് സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് എന്നിവർക്കൊപ്പം മന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥലത്തെത്തി. കൊല്ലപ്പെട്ട ദമ്പതികളുടെ ആശ്രിതരിൽ ഒരാൾക്കു വനംവകുപ്പിൽ താൽക്കാലിക ജോലി നൽകുമെന്നും ആനമതിൽ നിർമാണം വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതോടെ സമരക്കാർ അയഞ്ഞു. 7.15ന് ആണ് ആംബുലൻസുകൾ വീട്ടിലേക്കു കടത്തിവിട്ടത്. മന്ത്രിയെത്തി സമരക്കാർക്ക് ഉറപ്പു നൽകുന്നതുവരെ 5 മണിക്കൂർ സംഘർഷാവസ്ഥയായിരുന്നു ആറളത്ത്. 8 മണിയോടെയാണു കൊല്ലപ്പെട്ട വെള്ളിയുടെയും ലീലയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചത്. ഡിഎഫ്ഒയുടെ ചുമതലയുള്ള നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൽ ലോവൽ, കണ്ണൂർ എസ്ഐപി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.രതീശൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ.പി.കെ.നിധീഷ്കുമാർ, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ എന്നിവരുമെത്തിയിരുന്നു.
മന്ത്രി ശശീന്ദ്രനുനേരെ കരിങ്കൊടി

ആറളത്ത് ദമ്പതികളെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എടൂരിൽ മന്ത്രി എ.കെ.ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരിലൊരാൾ മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിലേക്ക് ഓടിക്കയറി. ഇയാളെ മാറ്റാൻ ശ്രമിക്കുന്നതിനിടെ 2 പൊലീസുകാർക്കു പരുക്കേറ്റു. 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.