ആനമതിൽ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി; വന്യജീവി പ്രതിരോധത്തിനു പുൽപള്ളി മാതൃകയിൽ ഹെടെക് സംവിധാനം

Mail This Article
ഇരിട്ടി ∙ ആറളത്ത് ആനമതിൽ നിർമാണം വേഗത്തിലാക്കുമെന്നും വന്യജീവി പ്രതിരോധത്തിനു പുൽപ്പള്ളി മാതൃകയിൽ ഹൈടെക് സംവിധാനം ആറളത്തു നടപ്പാക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.ആറളം പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. എഐ സാങ്കേതികവിദ്യയടക്കം ഉപയോഗിച്ചുള്ള പ്രതിരോധ ക്രമീകരണം ജില്ലയിൽ ആദ്യം നടപ്പാക്കുന്നത് ആറളത്തായിരിക്കും.ആനമതിൽ നിർമാണത്തിലെ തടസ്സങ്ങൾ നീക്കി 5 മാസത്തിനകം നിർമാണം പൂർത്തിയാക്കും.
നിർമാണത്തിനു തടസ്സമായി ചൂണ്ടിക്കാട്ടിയ 3.93 കിലോമീറ്ററിലെ 164 മരങ്ങൾ മുറിക്കുന്നതിൽ ഈ മാസം 28ന് അകം നടപടി സ്വീകരിക്കും. ആനമതിൽ പൂർത്തിയാകാനുള്ള കാലതാമസം കണക്കിലെടുത്തു താൽക്കാലിക സോളർ തൂക്കുവേലി നിർമിക്കും.ഇതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടിൽനിന്ന് അനുവദിക്കും. കാട്ടാനയ്ക്ക് ഒളിയിടമൊരുക്കുന്ന കാട് വെട്ടിത്തെളിക്കും. പുനരധിവാസ മേഖലയിലും കൃഷിയിടത്തിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂർണമായും കാട്ടിലേക്കു തുരത്തും. ഇതിനായി കൂടുതൽ ആർആർടി സംഘങ്ങളെ ആറളത്തേക്കു നിയോഗിച്ചു പ്രത്യേക പ്രവർത്തനം നടത്തും.
ആനമതിൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് – പഞ്ചായത്ത് അംഗങ്ങൾ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും ഉൾപ്പെടുന്ന നിരീക്ഷണ സമിതി രൂപീകരിക്കും.ഈ സമിതി മാർച്ച് 1ന് അവലോകനം നടത്തണം.തുടർന്നു തിരുവനന്തപുരത്ത് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ ചേർന്നു സമതിയുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.