ആറളം ഫാം: ആനയെ തുരത്താൻ ഒറ്റക്കെട്ടായി നാട്ടുകാർ

Mail This Article
ഇരിട്ടി∙ ആറളം ഫാം പുനരധിവാസ മേഖലയിൽ ജീവിക്കുന്ന ആദിവാസി കുടുംബാംഗങ്ങളെ ഇനിയും കാട്ടാനയ്ക്ക് വിട്ടുകൊടുക്കരുതെന്ന ലക്ഷ്യത്തോടെ നടത്തിയ ജനകീയ കാട് വെട്ടിത്തെളിക്കൽ മഹായജ്ഞത്തിൽ കൈകോർത്തതു നാറൂറിലധികം പേർ. ബ്ലോക്ക് 8 ലെ ആറളം സ്കൂൾ പരിസരം, ബ്ലോക്ക് 9 ലെ എംആർഎസ് സ്കൂൾ, ബ്ലോക്ക് 10 ലെ കോട്ടപ്പാറ, ബ്ലോക്ക് 12 ലെ വട്ടക്കാട്, ബ്ലോക്ക് 13 ലെ ഓടച്ചാൽ എന്നിവിടങ്ങളിൽ റോഡുൾപ്പടെയുള്ള ഭാഗങ്ങളിൽ കാട്ടാനക്കൂട്ടങ്ങൾക്ക് ഒളിയിടം ഒരുക്കിയിരുന്ന മേഖലകളിലെ അടിക്കാടുകൾ വെട്ടിനീക്കി.
കടുത്ത ചൂടിനെ വകവയ്ക്കാതെ സന്നദ്ധ പ്രവർത്തകർ ശ്രമദാനം നടത്തിയപ്പോൾ പിന്തുണയുമായി മേഖലയിലുള്ള ആദിവാസി സമൂഹവും ഒത്തുചേർന്നു. പ്രതിനിധികൾ, നേതാക്കൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, യുവജന സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും വനം വകുപ്പ്, ടിആർഡിഎം, ആറളം പഞ്ചായത്ത്, റവന്യു വകുപ്പ്, ആറളം ഫാമിങ് കോർപറേഷൻ, പൊലീസ്, അഗ്നിരക്ഷാ സേന എന്നിവയുടെ പ്രതിനിധികളും പങ്കാളികളായി.
ജനകീയ കാടുവെട്ടൽ വരും ദിവസങ്ങളിലും തുടരുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. മേഖലയിലെ കാടുകൾ വെട്ടിത്തളിക്കണമെന്നത് നേരത്തെ മുതലുള്ള ആവശ്യമാണ്. മന്ത്രിയെത്തി നൽകിയ ഉറപ്പനുസരിച്ച് ആനതുരത്തൽ യജ്ഞം ആരംഭിച്ചെങ്കിലും ശനിയാഴ്ച 2 പേരെ കൂടി കാട്ടാന ആക്രമിച്ചു. ഇതോടെ ആനതുരത്തൽ അവലോകനം ചെയ്യാൻ ചേർന്ന പ്രാദേശിക കമ്മിറ്റി യോഗം ജനകീയ കാട് വെട്ടിത്തെളിക്കൽ നടത്താൻ തീരുമാനിച്ചു.

സണ്ണി ജോസഫ് എംഎൽഎ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ മിനി ദിനേശൻ, ഇ.സി.രാജു, ഇരട്ടി തഹസിൽദാർ സി.വി.പ്രകാശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ടിആർഡിഎം സൈറ്റ് മാനേജർ സി.ഷൈജു, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഒറ്റക്കെട്ടായ്
യുവജന സന്നദ്ധ സംഘടനകളായ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിലെ 40 അംഗങ്ങൾ, യൂത്ത് കോൺഗ്രസ് യൂത്ത് കെയറിലെ 30 അംഗങ്ങൾ, എഐവൈഎഫ് യൂത്ത് ബ്രിഗേഡിലെ 15 അംഗങ്ങൾ, വനം വകുപ്പിലെ ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 100 പേർ, ട്രൈബൽ വകുപ്പിൽ നിന്നു പ്രമോട്ടർമാരുൾപ്പെടെ 15 പേർ, അഗ്നിരക്ഷാ സേനയിൽ സിവിൽ ഡിഫൻസിൽ നിന്നു 15 പേർ,
പുനരധിവാസ മേഖലയിലെ 7, 9, 10, 12, 13 ബ്ലോക്കുകളിലെ താമസക്കാർ ഉൾപ്പെടെ 200 പേർ എന്നിങ്ങനെയാണു ശ്രമദാനത്തിൽ പങ്കെടുത്തുത്. വനം വകുപ്പിന്റെ പ്രത്യേക ടീം കോട്ടപ്പാറ മുതൽ പരിപ്പുതോട് വരെയുള്ള സോളർ വേലിയുടെ അറ്റകുറ്റപ്പണി ഇന്നലെയും തുടർന്നു. ഇന്ന് രാത്രി നൈറ്റ് പട്രോളിങ്ങിനു 3 ടീമുകളെ നിയോഗിച്ചതായി വനം വകുപ്പ് അറിയിച്ചു.