ADVERTISEMENT

ഇരിട്ടി∙ വായിൽ ഗുരുതര പരുക്കുമായി കരിക്കോട്ടക്കരി ജനവാസ മേഖലയിൽനിന്നു പിടികൂടി ചികിത്സ നൽകുന്നതിനിടെ 3 വയസ്സുള്ള കാട്ടാന ചരിഞ്ഞ സംഭവത്തിൽ പന്നിപ്പടക്കം കടിച്ച അപകടമെന്നു സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അന്വേഷണം ശക്തമാക്കി. ആറളം ഫാമിൽ നിന്നാണു പന്നിപ്പടക്കം കടിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്ഫോടക വസ്തുക്കൾക്കായി  51 അംഗ പൊലീസ്, വനപാലക സംഘം ഫാമിന്റെ ബ്ലോക്ക് 1, 3, 6 മേഖലകളിൽ തിരച്ചിൽ നടത്തി.

ആറളം ഫാമിൽ നിന്നു പന്നിപ്പടക്കം പൊട്ടിയാണു കാട്ടാന ചെരിഞ്ഞതെന്ന സംശയത്തിൽ ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ സഹായത്തോടെ വനം വകുപ്പ് സംഘം ഫാമിൽ സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ നടത്താൻ എത്തിയപ്പോൾ
ആറളം ഫാമിൽ നിന്നു പന്നിപ്പടക്കം പൊട്ടിയാണു കാട്ടാന ചെരിഞ്ഞതെന്ന സംശയത്തിൽ ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ സഹായത്തോടെ വനം വകുപ്പ് സംഘം ഫാമിൽ സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ നടത്താൻ എത്തിയപ്പോൾ

കണ്ണൂർ റൂറൽ പൊലീസിന്റെ ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിന്റെ സഹായത്തോടെ തളിപ്പറമ്പ് റേഞ്ചർ സനൂപ് കൃഷ്ണൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർമാരായ എം.ഷൈനികുമാർ, കെ.ഷാജീവ് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 3 ടീമുകളായി 3 മണിക്കൂർ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധന ഇന്നും തുടരും. ആറളം ഫാമിൽ നിന്നു വട്ടപ്പറമ്പ് വഴി കരിക്കോട്ടക്കരി ഭാഗത്ത് എത്തിയ കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടി വന്യജീവി സങ്കേതത്തിൽ ചികിത്സ നൽകുന്നതിനിടെയാണു ചരിഞ്ഞത്. കണ്ണൂർ ഡിഎഫ്ഒ പി.വൈശാഖിന്റെ നേതൃത്വത്തിൽ 11 അംഗ സംഘത്തെയാണ് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ അന്വേഷണത്തിനു നിയോഗിച്ചിട്ടുള്ളത്.

ആനയുടെ കീഴ്ത്താടി തകർന്നു  വേർപെട്ട നിലയിൽ
ആനയുടെ മരണത്തിനു കാരണം താടിയെല്ലിലെ പഴക്കം ചെന്ന മുറിവിൽ നിന്നുള്ള അണുബാധ രക്തത്തിൽ വ്യാപിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ നാവിന്റെ മുൻഭാഗം അറ്റ നിലയിലായിരുന്നു. കീഴ്ത്താടി തകർന്നു വേർപെട്ടു. മസ്തിഷ്കത്തിലും രക്തസ്രാവം കണ്ടെത്തി. കീഴ്ത്താടിയെല്ലും നാക്കും തൊണ്ടയും വായയുടെ മുൻവശവും പടക്കം കടിച്ചുണ്ടായ സ്ഫോടനത്തിൽ പൂർണമായും തകർന്നു. വായിലെ മുറിവ് പുഴുവരിച്ച നിലയിലായതിനാൽ ആനയ്ക്ക് തീറ്റയെടുക്കാനും സാധിച്ചിരുന്നില്ല. പരുക്കുകൾക്ക് 5 ദിവസം പഴക്കം ഉണ്ട്. കണ്ണൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.ബി.ഇലിയാസ് റാവുത്തർ, ഗവ. വെറ്ററിനറി ഡിസ്പെൻസറികളിലെ സർജൻമാരായ ഡോ.ശരണ്യ (ചരൾ), ഡോ.റിജിൻ ശങ്കർ (അടയ്ക്കാത്തോട്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

നടപടികൾക്കായി ആറളം പഞ്ചായത്ത് ഫാം വാർഡ് അംഗം മിനി ദിനേശൻ, എൻജിഒ പ്രതിനിധി റോഷ്നാഥ് രമേശ് എന്നിവരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ആനയുടെ ജഡം ആറളം വന്യജീവി സങ്കേതത്തിൽ സംസ്കരിച്ചു. ബുധനാഴ്ച രാത്രി 9ന് ആണ് വളയംചാലിൽ ചികിത്സ നൽകുന്നതിനിടെ 3 വയസ്സുള്ള പിടിയാന ചരിഞ്ഞത്.

English Summary:

Kerala elephant death sparks outrage after post-mortem reveals fatal firecracker injuries. The three-year-old elephant, found near Aralam Farm, succumbed to its wounds despite treatment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com