ഇരിട്ടി ടൗണിൽ യുവാവിന്റെ പരാക്രമം

Mail This Article
ഇരിട്ടി∙ഇരിട്ടി ടൗണിൽ സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തയാളെ ഇരിട്ടി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പൊലീസ് പിടികൂടി.ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം.ആദ്യം മേലേ സ്റ്റാൻഡിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന യുവതിക്ക് നേരെയായിരുന്നു പരാക്രമം കാണിച്ചത്. സ്‌കൂട്ടർ അടക്കം യുവതി മറിഞ്ഞു വീണു. തുടർന്ന് പഴയ സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ഇയാൾ പലരെയും ആക്രമിച്ചു.നാട്ടുകാരും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെയുള്ളവർ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പഴയ സ്റ്റാൻഡിലെ കെട്ടിടത്തിനു മുകളിൽ കയറി ഒരു നെയിം ബോർഡിനുള്ളിൽ ഒളിച്ചിരുന്നു. ഇവിടെനിന്നു ഇയാളെ താഴെ ഇറക്കാൻ കഴിയാതെ വന്നതോടെയാണ് പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്.അഗ്നിരക്ഷാ സേനാംഗങ്ങളും ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ളവവരും പൊലീസും ചേർന്ന് ആക്രമണ സ്വഭാവം കാണിച്ചയാളെ താഴെയിറക്കി. ആറളം ഫാം മേഖലയിലെ താമസക്കാരനായ ഇയാൾ മദ്യലഹരിയിൽ ആണു അതിക്രമം കാണിച്ചതെന്നാണു സൂചന. യുവാവിന്റെ കാലിന് പരുക്ക് പറ്റിയതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സയും നൽകി.