പ്രതികളെ കസ്റ്റഡിയിൽ നിർത്താൻ പോലും അടച്ചുറപ്പുള്ള മുറി ഇല്ല; ലോ ‘റേഞ്ചിൽ’ എക്സൈസ്

Mail This Article
പാപ്പിനിശ്ശേരി∙ ലഹരിമരുന്നു വേട്ടയിൽ പിടികൂടിയ പ്രതികളെ കസ്റ്റഡിയിൽ നിർത്താൻ പോലും അടച്ചുറപ്പുള്ള മുറി ഇല്ലാത്ത എക്സൈസ് ഓഫിസ് ഇവിടെയുണ്ട്. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഓഫിസ് കെട്ടിടം കാലപ്പഴക്കത്താൽ അപകട ഭീഷണിയിലായി ഏറെ നാളുകളായി. പഴക്കം കൊണ്ടു ഒരു നല്ല മുറി പോലുമില്ല. ഏതു നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ് ഒരു സർക്കാർ ഓഫിസ് പ്രവർത്തിക്കുന്നത്. ഇത്തരം ഭീഷണിയുള്ള ഈ കെട്ടിടത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ അടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥർ കഴിയുന്നത്. പിടികൂടിയ തൊണ്ടിമുതലുകൾ സൂക്ഷിക്കാനും ഇടമില്ല. ഓഫിസ് കെട്ടിടത്തിന്റെ പിറകുവശം തകർന്നുതുടങ്ങി. ലഹരിമരുന്നു റെയ്ഡിനു പോകാനുള്ള വാഹനവും പഴക്കം കാരണം പലപ്പോഴും പണിമുടക്കും. വർഷങ്ങളായി പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം വാടക കെട്ടിടത്തിലാണ് എക്സൈസ് ഓഫിസ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ മരം ദ്രവിച്ചു തുടങ്ങി. മഴക്കാലത്ത് ഇവിടേക്ക് വരാൻ ഒരു നല്ല വഴിപോലും ഇല്ല. ചുറ്റും വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഓഫിസിലേക്ക് വാഹനം പോലും കടന്നുവരാൻ സാധിക്കില്ല. അടുത്ത 2 മാസത്തിനുള്ളിൽ കെട്ടിടം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്നാണു അറിയുന്നത്. പാപ്പിനിശ്ശേരിയിൽ തന്നെ പിഡബ്ല്യുഡി അംഗീകാരത്തോടെ ഒരു താൽക്കാലിക കെട്ടിടത്തിനുള്ള അന്വേഷണം തുടങ്ങിയിട്ടും കാലമേറെയായി.