ചൂട്: ‘വേനലവധിയിൽ സ്പെഷൽ ക്ലാസുകൾ അത്യാവശ്യത്തിനു മാത്രം മതി’

Mail This Article
കണ്ണൂർ∙ ജില്ലയിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, വേനലവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രമേ വിദ്യാലയങ്ങളിൽ സ്പെഷൽ ക്ലാസുകൾ നടത്താൻ പാടുള്ളൂവെന്ന് ജില്ലാ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം നിർദേശിച്ചു.ക്ലാസുകൾ താപനിലയ്ക്കനുസരിച്ച് (11 മണി മുതൽ 3 മണി വരെ ഒഴികെ) സമയം ക്രമീകരിക്കണം. വിദ്യാർഥികളിൽ യൂണിഫോമുകളിൽ ഷൂസ്, സോക്‌സ്, ടൈ തുടങ്ങിയവയിൽ ഇളവു നൽകണം. എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ ഫാനുകളും കൃത്യമായ വായുസഞ്ചാരവും ഉറപ്പുവരുത്തണം. ‘വാട്ടർ ബെൽ’ സമ്പ്രദായം എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കണം.സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
ശുദ്ധജലമെത്തിക്കണം
ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പഞ്ചായത്ത്തലത്തിൽ ശുദ്ധജലവിതരണം നടപ്പാക്കാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കൂടുതൽ ചൂട് അനുഭവപ്പെടുന്ന പകൽ 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പിന് നിർദേശം നൽകി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി, ഡിഎഫ്ഒ എസ്.വൈശാഖ്, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.വി.ശ്രുതി, ജില്ലാ പ്ലാനിങ് ഓഫിസർ നെനോജ് മേപ്പടിയത്ത് തുടങ്ങിയവർ പങ്കെടുത്തു.