തലശ്ശേരിയിലെ തീരമേഖലകൾ സന്ദർശിച്ച് ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പ്രതിനിധികൾ

Mail This Article
തലശ്ശേരി∙മണ്ഡലത്തിലെ തീരമേഖലയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സ്ത്രീ ശാക്തീകരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും മുന്നോടിയായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പ്രതിനിധികൾ തലശ്ശേരിയിലെ തീരമേഖലകൾ സന്ദർശിച്ചു.പുന്നോൽ പെട്ടിപ്പാലം മുതൽ തലശ്ശേരി ജവാഹർ ഘട്ട് വരെയുള്ള പ്രദേശങ്ങൾ സംഘം പരിശോധിച്ചു. കടൽഭിത്തി തകർന്ന സ്ഥലങ്ങൾ, രൂക്ഷമായ കടലാക്രമണമുള്ള ഭാഗങ്ങൾ, തീരമേഖലയിലുള്ളവരുടെ ജീവിത സാഹചര്യം, സ്ത്രീ ശാക്തീകരണത്തിനാവശ്യമായ കാര്യങ്ങളുൾപ്പെടെ പരിശോധിക്കാനും വിലയിരുത്താനുമാണ് വിദേശികളുൾപ്പെടെ 12 അംഗ സംഘം തീരത്തെത്തിയത്.മേഖലയിൽ ടൂറിസവുമായി ബന്ധപ്പെടുത്തി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചും അവർ ചോദിച്ചറിഞ്ഞു.നഗരസഭ അധ്യക്ഷ കെ.എം.ജമുനറാണി, സ്പീക്കറുടെ ഓഫിസ് സ്റ്റാഫ് ഇ.ചന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കൂടെയുണ്ടായിരുന്നു. സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ക്രോഡീകരിച്ചു സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കും.അടുത്ത ദിവസം സംഘം സ്പീക്കർ എ.എൻ.ഷംസീറുമായി ചർച്ച നടത്തും.