രക്ഷിതാക്കൾ അറിയാൻ: ലഹരിയിലേക്ക് നയിക്കുന്ന 6 കാരണങ്ങൾ; ലഹരി ഉപയോഗം തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ..

Mail This Article
കണ്ണൂർ ∙ പ്രണയം നഷ്ടപ്പെട്ട വേദനയിൽ ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട വിദ്യാർഥി സുഹൃത്തിനോടു ചോദിച്ചു, ‘എടാ, ഉറങ്ങാൻ വല്ല മരുന്നും കിട്ടുമോ?’ അതായിരുന്നു തുടക്കം. ലഹരി ഉപയോഗിക്കുന്ന സുഹൃത്ത് ഒരു ഗുളിക നൽകി. ആ താൽക്കാലിക ആശ്വാസം പതിയെ ലഹരിയിലേക്കുള്ള വഴിവെട്ടി. നന്നായി പഠിച്ചിരുന്ന വിദ്യാർഥിക്കു പുസ്തകം കണ്ടാൽ ദേഷ്യമായി. പണം തരാത്ത വീട്ടുകാരോടു വെറുപ്പ്. പണം കണ്ടെത്താൻ അവൻ കാരിയറായി. പിന്നീടു വർഷങ്ങളോളമെടുത്ത് അവൻ അൽപമെങ്കിലും സാധാരണ ജീവിതത്തിലേക്കെത്തി.

പക്ഷേ, വീണ്ടും കൂട്ടുകാർ വില്ലനായി. അവനെത്തേടി ലഹരിയെത്തി, ലഹരിക്കു കീഴടങ്ങി. ഇപ്പോഴും ചികിത്സ തുടരുന്നു. പഠിക്കാൻ മിടുക്കിയായ പെൺകുട്ടിക്കു പരിചയത്തിലുള്ള കോളജ് ചേട്ടൻമാരാണ് ആദ്യം ലഹരി നൽകിയത്. ഇതു കഴിച്ചാൽ നന്നായി പഠിക്കാമെന്നായിരുന്നു പ്രലോഭനം. അവൾ അതു വിശ്വസിച്ചു പതിയെ ലഹരിക്കടിമയായി. പിന്നീടു കാരിയറായി. ഇപ്പോഴും ചികിത്സയിലാണവൾ.
യാത്ര ചെയ്യാനിഷ്ടമായിരുന്ന വിദ്യാർഥി ആദ്യമായി ലഹരി ഉപയോഗിച്ചതു യാത്രയ്ക്കിടെ. അതിന്റെ താൽക്കാലികസുഖം പതിയെ അവനെ കീഴ്പ്പെടുത്തി. ശരീരം മെലിഞ്ഞു. അവൻ പതിയെ ഉൾവലിഞ്ഞു. മകനിലെ മാറ്റം കണ്ടെത്തിയയുടൻ വീട്ടുകാർ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടി. ഇന്ന്, അവൻ മിടുക്കനായി ജീവിക്കുന്നു.
സ്വപ്ന തിരക്കിലാണ്; ബോധവൽക്കരണവുമായി
പയ്യന്നൂർ ∙ ഡിവൈഎസ്പി ഓഫിസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ.വി.സ്വപ്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളുടെ തിരക്കിലാണ്. കുടുംബശ്രീ യോഗം, റസിഡന്റ്സ് അസോസിയേഷൻ, സാംസ്കാരിക സദസ്സ്, കുടുംബയോഗം, കളിയാട്ട വേദികളിലെ സാംസ്കാരിക സദസ്സ് എന്നിങ്ങനെ എല്ലായിടത്തും സ്വപ്നയുണ്ട്. വനിതാദിനത്തിൽ 7 പരിപാടികളിലും സ്വപ്നയുടെ വിഷയം ലഹരിവിരുദ്ധം തന്നെ. ‘‘ലഹരിവിരുദ്ധ ബോധവൽക്കരണം സ്വന്തം വീട്ടിൽനിന്നു തുടങ്ങണം. അതിനു മാതാപിതാക്കൾ മക്കളോടു സംസാരിക്കണം. മക്കൾ പറയുന്നതു കേൾക്കാൻ തയാറാകണം’’- സ്വപ്ന പറയുന്നു.
അറിയാം 6 കാരണങ്ങൾ
∙സ്കൂളിൽ അടിയുണ്ടാക്കുന്ന ഗ്യാങ്ങുകൾ, നന്നായി പഠിക്കുന്ന കുട്ടികൾ, പ്രണയം നഷ്ടപ്പെട്ടവർ, കായികതാരങ്ങൾ – ഇവരെയെല്ലാം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ലഹരിസംഘങ്ങൾ ജില്ലയിലുണ്ട്. തെറ്റായ കൂട്ടുകെട്ടുകൾ മാത്രമല്ല മക്കളുടെ ലഹരി ഉപയോഗത്തിനു കാരണം. അതിനു മറ്റ് ആറു കാരണങ്ങൾ കൂടിയുണ്ട്.
1. ഹൈപ്പർ ആക്ടീവ് സ്വഭാവവിശേഷങ്ങൾ കാണിക്കുന്നവർ.
2. ക്രൂരത കാണിക്കാൻ മടിയില്ലാത്തവർ (എപ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ. അവരെ തഴയുകയല്ല, ശരിയായ ചികിത്സയാണു വേണ്ടത്).
3. ജനിതകമായ കാരണങ്ങൾ (മാതാപിതാക്കളിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ കുട്ടിക്കു ലഹരിയോട് ആസക്തിയുണ്ടാകാം).
4. ചെറുപ്പത്തിലെ ട്രോമകൾ (ലൈംഗികാതിക്രമങ്ങൾക്കിരകളായവരോ മാതാപിതാക്കളിൽ ഒരാളുടെ മാത്രം സംരക്ഷണം കിട്ടിയിട്ടുള്ളവരോ ആയ കുഞ്ഞുങ്ങൾ).
5. വീട്ടിലെ മറ്റു പ്രശ്നങ്ങൾ, തകർന്ന കുടുംബാന്തരീക്ഷം.
6. വിഷാദം, ഉന്മാദം–ഇതിലേതെങ്കിലുമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവർ.
ലഹരി ഉപയോഗം തിരിച്ചറിയാൻ
∙നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടെന്നു പഠനത്തിൽ പിന്നാക്കം പോകുക.
∙അമിതമായ ദേഷ്യം, ഉറക്കം, വാശി, ആക്രമണ സ്വഭാവം.
∙കണ്ണിന്റെ നിറം, വലുപ്പം തുടങ്ങിയവ മാറുക.
∙വീട്ടിൽനിന്നു പണം മോഷ്ടിക്കുക.
∙പുതിയ കൂട്ടുകെട്ടുകൾ.
∙ഒളിച്ചുള്ള ഫോൺ ഉപയോഗം.
∙ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഒന്നിനോടും താൽപര്യമില്ലായ്മ.
∙എപ്പോഴും മുറിക്കുള്ളിലിരിക്കുക.
∙പെട്ടെന്ന് ഉൾവലിയുക, സംസാരം കുറയ്ക്കുക.
∙മെലിയാൻ തുടങ്ങുക.
ലഹരിക്കെണിയെ എങ്ങനെ നേരിടാം? കമ്മിഷണർ മറുപടി പറയും
∙ലഹരി ഉപയോഗം വീടുകളിലും വിദ്യാലയങ്ങളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, പതിവാകുന്ന അക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാതികളും ആശങ്കകളും പരിഹാര നിർദേശങ്ങളും സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജുമായി പങ്കുവയ്ക്കാൻ വായനക്കാർക്കു മലയാള മനോരമ അവസരമൊരുക്കുന്നു. ഇന്ന് രാവിലെ 11 മുതൽ 12 വരെ നടത്തുന്ന ഫോൺ ഇൻ പരിപാടിയിലേക്ക് അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, സാമൂഹിക പ്രവർത്തകർ എന്നിവർക്കൊക്കെ വിളിക്കാം. ഫോൺ നമ്പർ – 0497 2716647 (മലയാള മനോരമയുടെ മറ്റു നമ്പറുകളിൽ ഈ സൗകര്യം ലഭ്യമല്ല).