അമ്പായത്തോട്– മട്ടന്നൂർ നാലുവരിപ്പാത: വിദഗ്ധസമിതിയുടെ പഠനം തുടങ്ങി
Mail This Article
പേരാവൂർ ∙ അമ്പായത്തോട് മട്ടന്നൂർ നാലുവരിപ്പാതയുടെ നിർമാണത്തിന് മുന്നോടിയായി സാമൂഹിക ആഘാത പഠനത്തിന്റെ രണ്ടാം ഘട്ടമായി വിദഗ്ധ സമിതിയുടെ പഠനം ആരംഭിച്ചു. ഇതിനായി ഹൈക്കോടതിയുടെ 2014 ലെ നിർദേശ പ്രകാരം 14 അംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. ഇത് രഹസ്യ പരിശോധന സമിതിയാണ്. ജനപ്രതിനിധികളും വിദഗ്ധരും അടങ്ങുന്ന സംഘത്തിന്റെ തലവൻ സാമൂഹിക ശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയ ആൾ ആയിരിക്കണം എന്ന നിർദേശം ഉണ്ട്. പുനരധിവാസ വിദഗ്ധനും സംഘത്തിൽ ഉണ്ട്.
എതിർപ്പുകൾ ഉള്ളവരെ സാമൂഹിക ആഘാതപഠനത്തിൽ പരാമർശിച്ചിട്ടുണ്ട് എങ്കിൽ അവരെ സംഘം രഹസ്യമായി സമീപിച്ച് പ്രശ്നങ്ങൾ പഠിക്കും. യോഗങ്ങളോ ചർച്ചകളോ പൊതു തെളിവെടുപ്പുകളോ ഉണ്ടായിരിക്കില്ല. പത്ര മാധ്യമങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറരുത് എന്നും കടുത്ത രഹസ്യാത്മകത സൂക്ഷിക്കണം എന്നുമാണ് വിദഗ്ധ സമിതിക്ക് നൽകിട്ടുള്ള നിർദേശം. പാരിസ്ഥിതിക പ്രശ്നങ്ങളും വിദഗ്ധ സമിതി പഠിക്കുകയും പരിശോധിക്കുകയും ചെയ്യും. പദ്ധതി നടപ്പിലാകുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നും സമിതി പരിശോധിക്കും.
പഠനത്തിന് ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. തുടർന്നാകും 11(1) പ്രാഥമിക വിജ്ഞാപനത്തിനുള്ള നടപടി ക്രമങ്ങൾ തുടങ്ങുക. വിദഗ്ധ സമിതി പഠനം ആരംഭിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായുള്ള പ്രാഥമിക റിപ്പോർട്ട് പഞ്ചായത്തുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഭൂമിയും വീടും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർക്ക് അവ പരിശോധിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.