പൊയിലൂരിൽ സിപിഎം – ബിജെപി സംഘർഷം: 8 പേർക്ക് പരുക്ക്
Mail This Article
പാനൂർ ∙ പൊയിലൂരിൽ രണ്ടിടങ്ങളിലുണ്ടായ സിപിഎം – ബിജെപി സംഘർഷത്തിൽ 3 സിപിഎം പ്രവർത്തകർക്കും 5 ബിജെപി പ്രവർത്തകർക്കും പരുക്കേറ്റു. പൊയിലൂർ മുത്തപ്പൻ മടപ്പുരയ്ക്കു സമീപത്തെ വയലിൽ വച്ച് ഇന്നലെ ഉച്ചയ്ക്കു സിപിഎം പ്രവർത്തകർക്കു നേരെയാണ് ആദ്യം അക്രമമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ ആയുധവുമായെത്തി അക്രമിച്ചെന്നാണു പരാതി.സിപിഎം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത്‍ലാൽ (34), ഡിവൈഎഫ്ഐ പൊയിലൂർ മേഖലാ പ്രസിഡന്റ് ടി.പി.സജീഷ് (38), ആനപ്പാറക്കൽ പ്രഭീഷ് (53) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ വൈകിട്ട് വടക്കേപൊയിലൂർ പള്ളിച്ചാലിൽവച്ചാണു ബിജെപി പ്രവർത്തകർക്കു നേരെ അക്രമണം നടന്നത്.
സിപിഎം പ്രവർത്തകർ അക്രമിച്ചെന്നാണ് ആരോപണം. ബിജെപി പ്രവർത്തകനായ കൂറ്റേരി കൊല്ലമ്പറ്റ ഷൈജുവിനു (39) വെട്ടേറ്റു. ബിജെപി പ്രവർത്തകരായ കൂറ്റേരിയിലെ മീത്തലെ കഴിപ്പിന്റവിട കെ.സജീവൻ (48), എലാങ്കോട് കൊയാളപ്പിൽ ഷിനോജ് (42), മേലേ പൂക്കോം ഇരഞ്ഞിക്കുളങ്ങര പ്രജിൽ (32), മേനപ്രം തയിരോത്ത് അനിൽകുമാർ (29) എന്നിവർക്കും പരുക്കേറ്റു. കഴിഞ്ഞദിവസം പൊയിലൂർ പോസ്റ്റ് ഓഫിസിനു സമീപത്ത് ഒരു സംഘം സിപിഎം പ്രവർത്തകർ ആർഎസ്എസ്, ബിജെപി പ്രവർത്തകരെ ആക്രമിച്ചതായി ആരോപണമുണ്ട്. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി.