ഒന്നും രണ്ടുമല്ല 150ൽ അധികം; നാട്ടുകാരെ ഭയപ്പെടുത്തിയ പാമ്പിൻ മുട്ടകൾ വിരിഞ്ഞിറങ്ങിയപ്പോൾ കണ്ടത്...

Mail This Article
തളിപ്പറമ്പ്∙ നാട്ടുകാരെ ഭയപ്പെടുത്തിയ പാമ്പിൻ മുട്ടകൾ വിരിഞ്ഞിറങ്ങിയപ്പോൾ കണ്ടത് പാവം നീർക്കോലി കുഞ്ഞുങ്ങളെ. ഒന്നും രണ്ടുമല്ല 150ൽ അധികം പാമ്പിൻ മുട്ടകളാണ് ഫെബ്രുവരി 17ന് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ കൃഷിയിടത്തിൽ നിന്ന് ലഭിച്ചത്. കാർഷിക ആവശ്യങ്ങൾക്കായി കിളച്ചപ്പോഴാണ് മുട്ടകൾ കണ്ടത്. പാമ്പിന്റെ മുട്ടകളാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് റേഞ്ചർ പി.വി.അനൂപ് കൃഷ്ണൻ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ കീഴിലുള്ള മാർക്ക് (മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ്‌ലൈഫ്) റെസ്ക്യൂവർ അനിൽ തൃച്ചംബരമെത്തി പരിശോധിച്ച് ഇവ നീർക്കോലിയുടെ മുട്ടകളാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാരുടെ ഭയം വിട്ട് മാറിയിരുന്നില്ല.
തുടർന്ന് മുട്ടകൾ അനിൽകുമാർ തന്റെ വീട്ടിലേക്ക് കൊണ്ട് വന്ന് സംരക്ഷിക്കുകയായിരുന്നു. കിളച്ചപ്പോഴും മറ്റും ചില മുട്ടകൾ നശിച്ച് പോയിരുന്നു. മുപ്പതോളം മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. നിരുപദ്രവകാരിയും വിഷമില്ലാത്തവയുമാണെങ്കിലും നീർക്കോലികൾ ഇപ്പോൾ അപൂർവമായിക്കൊണ്ടിരിക്കുകയാണ്. നീർക്കോലിക്കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ വിട്ടയയ്ക്കും.