കാട്ടാനകളെത്തുന്നത് തടയും; സോളർ തൂക്കുവേലി നിർമാണത്തിന് തുടക്കം

Mail This Article
ഇരിട്ടി ∙ കേരള, കർണാടക വനമേഖലയിൽനിന്ന് അയ്യൻകുന്ന് പഞ്ചായത്തിലേക്ക് കാട്ടാനകൾ എത്തുന്നതു തടയാൻ തദ്ദേശസ്ഥാപനങ്ങളും കൃഷിവകുപ്പും ചേർന്നു നിർമിക്കുന്ന സോളർ തൂക്കുവേലിയുടെ നിർമാണം ഉരുപ്പുംകുറ്റിയിൽ തുടങ്ങി. അയ്യൻകുന്നിൽ കച്ചേരിക്കടവ് മുതൽ വാളത്തോട് വരെ 20.5 കിലോമീറ്റർ പ്രധാനമന്ത്രി കൃഷി വികാസ് യോജന പദ്ധതിയിൽനിന്ന് 1.75 കോടി ചെലവിലാണു വേലി നിർമിക്കുന്നത്. ആദ്യഘട്ടമായി ഉരുപ്പുംകുറ്റി മുതൽ വാളത്തോട് വരെ 5.5 കിലോമീറ്ററിൽ അടിക്കാട് വെട്ടൽ തുടങ്ങി.
അയ്യൻകുന്നിൽ പാലത്തിൻകടവ് മേഖലയിൽ സോളർ തൂക്കുവേലി നിർമാണം നടക്കുന്നുണ്ട്. ഇതിനു പുറമേയാണ് അവശേഷിച്ച 20.5 കിലോമീറ്റർ കൂടി വേലി സ്ഥാപിക്കുന്നത്. കച്ചേരിക്കടവ്, അട്ടയോലി, ഏഴാംകടവ്, ആയാംകുടി, എടപ്പുഴ, ഉരുപ്പുംകുറ്റി, വാളത്തോട് ഗ്രാമങ്ങൾക്ക് സംരക്ഷണം തീർക്കുകയാണ് ലക്ഷ്യം. ഈ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാണ്. ആറളം ഫാമിൽ ആനമതിൽ നിർമാണം പൂർത്തിയാകുന്നതോടെ ഇപ്പോൾ ഫാമിൽ തമ്പടിക്കുന്ന ആനകൾ കൂടി അയ്യൻകുന്ന് പഞ്ചായത്ത് അതിർത്തിയിലൂടെ ജനവാസ കേന്ദ്രങ്ങളിൽ എത്തുമെന്നു നേരത്തേ മുന്നറിയിപ്പുണ്ട്.
ആറളം, പായം, ഉളിക്കൽ പഞ്ചായത്തുകളുടെ വനാതിർത്തികളിലും സോളർ തൂക്കുവേലി നിർമിക്കും. ഉരുപ്പുംകുറ്റിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് തൂക്കുവേലി സ്ഥാപിക്കേണ്ട ഭാഗത്തെ കാട് വെട്ടിത്തെളിക്കൽ നടത്തുന്നത്. പഞ്ചായത്ത് വാർഡ് അംഗം ജോസ് എവൺ ഉദ്ഘാടനം ചെയ്തു.