മീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധ; യുവകർഷകന്റെ കൈപ്പത്തി മുറിച്ചു: രോഗബാധ വിശദീകരിച്ച് ഡോക്ടർമാർ

Mail This Article
തലശ്ശേരി ∙ വയലിൽ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതിനെത്തുടർന്ന് യുവകർഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടി രാജീവ് ഭവനു സമീപം പൈക്കാട്ടുകുനിയിൽ ടി.രജീഷിന്റെ (38) വലതുകൈപ്പത്തിയാണ് കോഴിക്കോട്ടെ ആശുപത്രിയിൽ മുറിച്ചുമാറ്റിയത്. ചെളി, ചാണകം എന്നിവയിൽ കാണുന്ന ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയയാണു വില്ലനായത്.
ഫെബ്രുവരി 9ന് വീടിനടുത്ത വയൽ പച്ചക്കറിക്കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് കടുമീനിന്റെ മുള്ള് വലതുകൈവിരലിൽ തറച്ചത്. പിറ്റേന്നു പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നു കുത്തിവയ്പെടുത്തു. വേദന കൂടിയതിനെത്തുടർന്ന് അടുത്തദിവസം മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്യിൽ കുമിളകൾ കണ്ടതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൈക്കാട്ടുകുനിയിൽ വീട്ടിൽ സുകുമാരന്റെയും രാജിയുടെയും മകനാണ് രജീഷ്. പശുവളർത്തലാണ് പ്രധാന ഉപജീവനമാർഗം. കൈപ്പത്തി നഷ്ടമായതോടെ കുടുംബം പ്രതിസന്ധിയിലായി.