ജോലിക്കിടെ പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്

Mail This Article
ഇരിട്ടി ∙ വിളമന ആയിരക്കളത്തു തോട് ശുചീകരിക്കുന്നതിനിടെ പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പു തൊഴിലാളിക്കു പരുക്കേറ്റു. ആയിരക്കളത്തെ വമ്പേരി വി.വി.രോഹിണിയെ(65) പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 3.45ന് ആണു സംഭവം. രോഹിണിയുൾപ്പെടെ 24 തൊഴിലാളികൾ ചേർന്നു പ്രദേശത്തെ പുതിയാകുളങ്ങര – ആയിരക്കണം തോട് ശുചീകരിക്കുകയിരുന്നു. തോട്ടിൽ കണ്ടെത്തിയ ചാക്ക് പുറത്തേക്കു മാറ്റുന്നതിനായി വാക്കത്തി കൊണ്ടു കൊത്തിവലിക്കുമ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
മുഖത്തും ദേഹത്തും കാലിലും സാരമായി പരുക്കേറ്റ രോഹിണിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി. പൊട്ടാതെയുണ്ടായിരുന്ന 2 പന്നിപ്പടക്കം സ്ഥലത്തു പരിശോധന നടത്തിയ ഇരിട്ടി എസ്ഐ കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. 3 പന്നിപ്പടക്കം ചാക്കിൽ കെട്ടി ഒളിപ്പിച്ചതിൽ ഒന്നാണു പൊട്ടിയതെന്നാണു നിഗമനം. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, അംഗം പി.സാജിദ് എന്നിവർ സ്ഥലത്തെത്തി.