ഗുരുവായൂർ കണ്ണന് മുഖംനോക്കാൻ കുഞ്ഞിമംഗലം കണ്ണാടി

Mail This Article
പയ്യന്നൂർ ∙ ഗുരുവായൂരിൽ പ്രഭാതത്തിൽ ഉണ്ണിക്കണ്ണന് മുഖംനോക്കാൻ കുഞ്ഞിമംഗലം വെങ്കലഗ്രാമത്തിൽ കണ്ണാടിയും അഷ്ടലക്ഷ്മിയും ഉൾപ്പെട്ട വെങ്കല ശിൽപം ഒരുങ്ങി.ശിൽപി പി.വത്സനാണ് ശിൽപം നിർമിച്ചത്. വാസ്തു ശാസ്ത്രവിധിയനുസരിച്ച് 39 യവത്തിൽ 8 ഭാവത്തിലുള്ള ലക്ഷ്മിയും കണ്ണാടിയുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കാൻ നിർമിച്ചത്.
36 ഇഞ്ച് ഉയരവും 24 ഇഞ്ച് വീതിയും 50 കിലോ തുക്കവുമുണ്ട്. ചിത്രപ്പണിയോടു കൂടിയ ചതുരപീഠത്തിന് മുകളിലായി പത്മപീഠം. അതിന് മുകളിലായി പ്രഭാവലയത്തോടുകൂടി അഷ്ടലക്ഷ്മി വിവിധ ഭാവത്തിൽ വിവിധ ആയുധങ്ങളോടു കൂടി പത്മാസനത്തിൽ ഇരിക്കുന്ന വിധത്തിലാണ് ശിൽപം. പ്രഭാവലയത്തിനുചുറ്റും 12 മയിലും 16 പുഷ്പവും നിർമിച്ചിട്ടുണ്ട്. ചതുര പീഠത്തിന്റെ രണ്ട് ഭാഗത്തും താമരപ്പൂക്കൾ പിടിച്ച് അഭിവാദ്യം ചെയ്യുന്ന 2 ആനകൾ. ആദിലക്ഷ്മി, ധനലക്ഷ്മി, വിജയലക്ഷ്മി, ധ്യാനലക്ഷ്മി, വീരലക്ഷ്മി, വിദ്യാലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി എന്നീ ലക്ഷ്മീദേവിമാരാണ് അഷ്ട ലക്ഷ്മിയിലുള്ളത്. കോഴിക്കോട്ടെ ഒരു ഭക്തനാണ് ശിൽപം സമർപ്പിക്കുന്നത്.