ഓപ്പറേഷൻ എലിഫന്റ് ദൗത്യം: ആറളം ഫാമിൽനിന്ന് 4 കാട്ടാനകളെ തുരത്തി

Mail This Article
ഇരിട്ടി ∙ ആറളം ഫാം കൃഷിയിടത്തിൽ ഭീതി പരത്തി തമ്പടിച്ചിരുന്ന, ബ്ലോക്ക് 3 ൽ കണ്ടെത്തിയ കാട്ടാനക്കൂട്ടത്തിൽ 4 എണ്ണത്തെക്കൂടി കാടുകയറ്റി. തിരികെ ഇറങ്ങാതിരിക്കാൻ രാത്രി വനം വകുപ്പിന്റെ 3 സംഘങ്ങൾ പട്രോളിങ് നടത്തും. 2 ഘട്ടങ്ങളിലായാണ് ആറളത്ത് ഓപ്പറേഷൻ എലിഫന്റ് ദൗത്യം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ പുനരധിവാസ മേഖലയിലെ ആനകളെ വന്യജീവി സങ്കേതത്തിലേക്കു തുരത്തിയിരുന്നു.
കഴിഞ്ഞ ദിവസം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന പ്രാദേശിക നിരീക്ഷണ സമിതിയുടെ അവലോകന യോഗത്തിലെ തീരുമാന പ്രകാരമാണ് ഇന്നലെ മുതൽ കാട്ടാനകളെ തുരത്താനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെയും 7.30 ന് തുടങ്ങിയ തിരച്ചിലിൽ 9 മണിക്കൂർ നീണ്ട് ശ്രമത്തിനൊടുവിലാണു 4 ആനകളെ താളിപ്പാറ, കോട്ടപ്പാറ വഴി ഒടിച്ചു ആറളം വന്യജീവി സങ്കേതത്തിൽ കയറ്റിയത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ഡപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് എജ്യുക്കേഷൻ മനോജ് ബാലകൃഷ്ണൻ, ഡപ്യൂട്ടി തഹസിൽദാർമാരായ ഇ.രാധ, ബിജി ജോൺ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫാം സെക്യൂരിറ്റി ഓഫിസർ എം.കെ.ബെന്നി എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർആർടി എന്നിവിടങ്ങളിൽ നിന്നും ഉള്ള 35 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.