റോഡ് തകർന്നനിലയിൽ: ജീവൻ പണയംവച്ച് യാത്രക്കാർ; സൂചനാബോർഡുകളും ഇല്ല

Mail This Article
മയ്യിൽ∙ വടുവൻകുളം മുതൽ പാടിക്കുന്ന് വരെയുള്ള പ്രധാന റോഡിന്റെ ചില ഭാഗങ്ങൾ തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. മെക്കാഡം ടാറിങ് ചെയ്ത പാടിക്കുന്ന്–എട്ടേയാർ റോഡും വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ എട്ടേയാർ മുതൽ വടുവൻകുളം വരെയുള്ള റോഡിന്റെ ചില ഭാഗവുമാണ് തകർന്നത്. വലിയ വളവുകളിൽ റോഡിനൊപ്പം വളർന്ന് നിൽക്കുന്ന കാടുകൾ യാത്രക്കാർക്കു ഭീഷണിയാകുന്നു.
രാത്രി കുഴികളിൽപെട്ട് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായി. വെള്ളത്തിന് ഒഴുകിപ്പോകാൻ ഓവുചാലും ഇല്ല. റോഡിന് ഇരുവശങ്ങളിലെയും വൻകുഴികൾ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. കുഴികൾ കാരണം വാഹനങ്ങൾക്ക് പരസ്പരം അരികു നൽകാൻ പറ്റാത്ത അവസ്ഥയാണ്. കുഴികൾ നികത്തി റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സൂചന ബോർഡുകൾ പോലും സ്ഥാപിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.