ചങ്കാണ്, ചങ്കിടിപ്പാണ് ഈ സ്നേഹവലയം; ബൈജുവിന്റെ അൻപതാം പിറന്നാൾ ആഘോഷമാക്കി കൂട്ടുകാരും നാട്ടുകാരും

Mail This Article
ഇരിട്ടി ∙ കിടപ്പുരോഗികളിൽ നിന്ന് സൗഹൃദങ്ങളും സന്തോഷങ്ങളും പലപ്പോഴും മാറിനിൽക്കുമ്പോൾ വള്ളിത്തോട്ടെ പാറാൽ ബൈജുവിന്റെ അൻപതാം ജന്മദിനം നാടിന്റെ ഉത്സവമാക്കി മാറ്റി കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും. 20ാം വയസ്സിൽ വീട് പെയ്ന്റിങ് ജോലിക്കിടെ ഉണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായതാണ് ബൈജു. 1995 ഡിസംബർ 28ന് കോളിക്കടവിലായിരുന്നു അപകടം. അന്നുമുതൽ അപകടം നടന്ന വീടിന്റെ ഉടമയും കൂടെ ജോലി ചെയ്തിരുന്നവരും നിഴൽപോലെ ബൈജുവിനൊപ്പമുണ്ട്. ബൈജുവിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും അവരൊടിയെത്തും.

ഒരു മാത്രയിൽ കണ്ടവർ പോലും ബൈജുവിന്റെ സൗഹൃദം പുതുക്കിക്കൊണ്ടേയിരിക്കുന്നു.ആദ്യത്തെ 10 വർഷത്തോളം കിടന്നകിടപ്പിലായിരുന്നു ബൈജു. ഇപ്പോൾ വീൽചെയറിൽ സ്വന്തമായി എഴുന്നേറ്റിരിക്കാവുന്ന സ്ഥിതിയായി.ബൈജുവിനെ കൂടപ്പിറപ്പിനെ പോലെ കരുതിയ കൂട്ടുകാർ തീരുമാനിച്ചതാണ് അൻപതാം ജന്മദിനം വൻ ആഘോഷമാക്കണമെന്ന്. ആഘോഷത്തിനു നാട്ടുകാർ ഒന്നടങ്കം ബൈജുവിന്റെ താമസസ്ഥലത്തെത്തി.
ശാരീരിക പരിമിതികൾ ഉള്ള ആളായിട്ടല്ല തന്നെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സ്നേഹിക്കുന്നതെന്ന് ബൈജു പറയുന്നു. ഓണം,വിഷു, ഈസ്റ്റർ,പെരുന്നാൾ തുടങ്ങി എല്ലാ വിശേഷദിനങ്ങളിലും ബൈജുവിനെ തേടി സുഹൃത്തുക്കളും ബന്ധുക്കളും അയൽക്കാരുമെത്തും. സിനിമാമോഹം ചെറുപ്പം മുതലേ ഉള്ളതിനാൽ ബൈജുവിനെ സിനിമയ്ക്ക് കൊണ്ടുപോകുന്നതും പാർക്കിലും ബീച്ചിലും ഉത്സവ സ്ഥലത്തും കൊണ്ടുപോകുന്നതും സുഹൃത്തുക്കൾ തന്നെ.
സ്വന്തം വീടിനോടു ചേർന്ന് തുടങ്ങിയ ചെറിയ കടയിലെത്തുന്നവർ സാധനങ്ങൾ എടുത്തശേഷം പണം പെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം ബൈജുവിന് ഇലക്ട്രിക് വീൽ ചെയർ ലഭിച്ചത് ഇരട്ടി സന്തോഷമായി. ജന്മദിനാഘോഷം നടക്കുന്ന വേദിയിലേക്ക് പുതിയ വീൽചെയറിലാണ് ബൈജു എത്തിയത്.ബൈജുവിന്റെ ദൈനംദിന കാര്യങ്ങൾ നോക്കി പരിചരിക്കുന്നതിന് സഹോദരന്മാരായ ബൈജുവും വിജേഷും അവരുടെ കുടുംബവും പിതാവ് നാരോത്ത് അച്യുതനും അമ്മ ചന്ദ്രികയും ഒപ്പമുണ്ട്.