കാറ്റിൽ വിറച്ച് ചെറുപുഴ മേഖല; വീടുകളും തൊഴുത്തുകളും തകർന്നു, കൃഷി നശിച്ചു

Mail This Article
ചെറുപുഴ∙ മലയോരത്തെ വിറപ്പിച്ച് വേനൽമഴയും കാറ്റും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആഞ്ഞുവീശിയ കാറ്റിലും മഴയിലും ഒട്ടേറെ വീടുകളും തൊഴുത്തുകളും തകർന്നു. മരങ്ങൾ ഒടിഞ്ഞുവീണു. 70ൽ ഏറെ വൈദ്യുതത്തൂണുകൾ നിലംപൊത്തി. ഇതോടെ മലയോരത്ത് വൈദ്യുതി വിതരണം താറുമാറായി. ശക്തമായ കാറ്റിൽ ചൂരപ്പടവിൽ ട്രാൻസ്ഫോമർ നിലംപൊത്തി. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായും നിലച്ചു. വ്യാപക കൃഷിനാശവും ഉണ്ടായി.

ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, പെരുന്തടം, പ്രാപ്പൊയിൽ, ചൂരപ്പടവ്, ഇടവരമ്പ്, മീന്തുള്ളി, കരിയക്കര, ഉമയംചാൽ, പുളിങ്ങോം, ചുണ്ട, വിളക്കുവട്ടം, വയലായി, കോലുവള്ളി, എയ്യൻകല്ല്, കോഴിച്ചാൽ, കൂമ്പൻകൂന്ന് ഭാഗങ്ങളിൽ കാറ്റ് വ്യാപകനാശം വരുത്തി. തെങ്ങ്, കൊക്കോ, ജാതി, റബർ, കമുക്, കശുമാവ്, വാഴ, തേക്ക്, പ്ലാവ്, മാവ് തുടങ്ങിയവയ്ക്ക് വൻ നാശമുണ്ടായി. മരങ്ങൾ റോഡിലേക്ക് വീണതിനെത്തുടർന്നു പലയിടങ്ങളിലും ഗതാഗതം നിലച്ചു.

പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താ ക്ഷേത്ര നടപ്പന്തലിന്റെ ഓടുകൾ കാറ്റെടുത്തു. സമീപത്തുള്ള ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ 50 മീറ്ററോളം ദൂരത്തേക്ക് പറന്നുപോയി. ഇടവരമ്പ് പുളിയിട്ടപൊയിലിലെ കാനാവീട്ടിൽ രാജഗോപാലന്റെ വീടിനു മുകളിൽ മരം വീണു മേൽക്കൂര പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തലപ്പുലത്ത് വിജയന്റെ കാലിത്തൊഴുത്തിനു മുകളിൽ മരം വീണതിനെത്തുടർന്നു തൊഴുത്ത് പൂർണമായും തകർന്നു. തൊഴുത്തിന്റെ ഒരുഭാഗം പൊളിച്ചു മാറ്റിയാണു പശുക്കളെ രക്ഷപ്പെടുത്തിയത്.
കരിയക്കരയിലെ തെക്കേൽ ചാക്കോ, തിരുമേനിയിലെ പന്തലാനിക്കൽ സെബാസ്റ്റ്യൻ, കരിയക്കരയിലെ ബിനോയി വടക്കൻ, കുന്നപ്പള്ളിയിൽ സുനിൽ, ഉമയംചാലിലെ ജോസഫ് വട്ടുകുളത്ത്, വാഴക്കുണ്ടത്തെ തങ്കമ്മ പെരുവചിറയിൽ, പാലാന്തടത്തെ സൈബു താഴത്തെ പീടികയിൽ, എൻ.എം.അബ്ദുൽറൗഫ്, സൗമ്യ പാപ്പിനിവീട്ടിൽ, കാണിക്കാരൻ ദാമോദരൻ, എൻ.എം.അബ്ദുല്ല, നങ്ങാരത്ത് നബീസ, കോളയത്ത് അബ്സത്ത്, നങ്ങാരത്തുമുക്രിന്റെകത്ത് മിസ്‌രിയ, ചുണ്ടയിലെ കരാള മാധവി, കാനാ ഗോപാലകൃഷ്ണൻ, ചൂരപ്പടവിലെ കൊച്ചുവിളയിൽ ദിവാകരൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കരിയക്കരയിലെ വടക്കേ താന്നിക്കൽ ബിനോയിയുടെ തൊഴുത്ത് മരം വീണു തകർന്നു.
പ്രാപ്പൊയിലിലെ കെ.എസ്.ലാലു, എടവരമ്പിലെ അഴകൻപറമ്പിൽ ടോമി, പെരുന്തടത്തെ തെക്കേവയലിൽ ജയ്സൺ, കരിയക്കരയിലെ പ്ലാക്കൽ തമ്പാൻ, ബിജു പോൾ, ഇടവരമ്പിലെ ശശികുമാർ തകിടിയേൽ, കൂമ്പൻകുന്നിലെ ആമ്പിലേരി സുനിൽ, വിഷ്ണു നാരായണൻ തമ്പി, തോട്ടുവഴിയിൽ ബാലകൃഷ്ണൻ, കവിയിൽ ചെറിയാൻ, ചുണ്ടയിലെ കാനാ ബാലകൃഷ്ണൻ, ചൂർപ്പടവിലെ കെ.ആർ.യശോദ, തിരുമേനിയിലെ കിഴക്കരക്കാട്ട് ജോസ്കുട്ടി എന്നിവരുടെ കൃഷികളാണു ശക്തമായ കാറ്റിൽ നശിച്ചത്. പുളിങ്ങോം മസ്ജിദ്-ഉമയംചാൽ റോഡിലെ ഒട്ടേറെ വൈദ്യുതത്തൂണുകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി നിലച്ചതോടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
കാറ്റും മഴയും കെടുതികൾ വിതച്ച പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, ജനപ്രതിനിധി കളായ സിബി എം.തോമസ്, രജിത സജി, സജിനി മോഹൻ, കെ.പി.സുനിത, സന്തോഷ് ഇളയിടത്ത്, അസി.കൃഷി ഓഫിസർ സുരേഷ് കുറ്റൂർ റവന്യു ഉദ്യോഗസ്ഥർ, കേരള കോൺഗ്രസ് (എം) നേതാവ് ഡെന്നി കാവാലം എന്നിവർ സന്ദർശിച്ചു. വീടുകൾ നശിച്ചതിനു പുറമെ കെഎസ്ഇബിയ്ക്കും കൃഷിവകുപ്പിനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ശക്തമായ കാറ്റിൽ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃഷികൾ നശിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇനിയും എത്തിപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.