കാറ്റിലും മഴയിലും കണ്ണൂർ ഇരിക്കൂർ മേഖലയിൽ വ്യാപക നാശം

Mail This Article
ഇരിക്കൂർ∙ തിങ്കളാഴ്ച വൈകിട്ട് വേനൽമഴയോടൊപ്പമുണ്ടായ കനത്ത കാറ്റിൽ ഇരിക്കൂർ മേഖലയിൽ നാശം. മലപ്പട്ടം പൂക്കണ്ടം എകെഎസ് സിആർസി വായനശാലയ്ക്ക് മുകളിൽ മരം പൊട്ടിവീണു. ഇരിക്കൂർ, ബ്ലാത്തൂർ, കല്യാട്, മലപ്പട്ടം, കൊവുന്തല, ആലത്തുപറമ്പ്, ഊരത്തൂർ, കുയിലൂർ, പെരുമണ്ണ്, കാഞ്ഞിലേരി, കണിയാർവയൽ എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതലൈനുകൾ തകർന്നു. ചില സ്ഥലങ്ങളിൽ രാത്രിയും മറ്റിടങ്ങളിൽ ഇന്നലെ വൈകിട്ടോടെയും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

ശ്രീകണ്ഠപുരം∙ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയും കാറ്റും പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ് മേഖലയിൽ വൻതോതിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു, വൈദ്യുതിയും വിഛേദിക്കപ്പെട്ടു.റബർ, കശുമാവ് തെങ്ങുകൾ അടക്കമുള്ള നിരവധി മരങ്ങൾ കടപുഴകി വീണു. മഴയും കാറ്റും നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടാക്കിയതോടെ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലായി.
പ്രദേശത്ത് താമസിക്കുന്ന ജോസഫ് അറയ്ക്കപറമ്പിലിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഏറെ ദുരിതമായി. പ്രദേശം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി. നഷ്ടപരിഹാരത്തിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും, താൽക്കാലിക സഹായങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എംഎൽഎ യോടൊപ്പം പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ കുര്യൻ, ബേബി മുല്ലക്കരി, ജോൺസൺ,സോജൻ, ജിമ്മി എന്നിവരും ഉണ്ടായിരുന്നു.