ആക്രിയിൽനിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

Mail This Article
ഇരിട്ടി ∙ ‘പഴേ പാത്രങ്ങളുണ്ടോ... പൊട്ടിയ കന്നാസുണ്ടോ... പഴേ കടലാസുണ്ടോ... ആക്രിയുണ്ടോ... ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.

നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.
ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.