മാക്കൂട്ടം –പെരുമ്പാടി ചുരം പാത നവീകരണ പ്രവൃത്തി തുടങ്ങി

Mail This Article
ഇരിട്ടി∙ തകർച്ചയിലായ മാക്കൂട്ടം ചുരം പാതയുടെ 2–ാം റീച്ച് നവീകരണം മാക്കൂട്ടത്ത് വീരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണ ഉദ്ഘാടനം ചെയ്തു. കേരള അതിർത്തിയിൽ കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം വരെ 1.400 കിലോമീറ്റർ ദൂരം 2.33 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. വീരാജ്പേട്ട നഗരസഭാ അധ്യക്ഷ ദേച്ചമ്മ കാളപ്പ, കൗൺസിലർമാരായ സി.കെ.പൃത്വിനാഥ്, അഗസ്റ്റിൻ ബെന്നി, രജനികാന്ത്, ടി.ജലീൽ, മത്തീൻ, കോൺഗ്രസ് വീരാജ്പേട്ട് ബ്ലോക്ക് പ്രസിഡന്റ് രഞ്ജി പൂണച്ച,ഉളിക്കൽ പഞ്ചായത്ത് അംഗം ബിജു വെങ്ങലപ്പള്ളി, മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, കരാറുകാരൻ നാമേര ബല്യപ്പ നവീൻ എന്നിവർ പ്രസംഗിച്ചു.
തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതിയിൽ കർണാടകയുടെ അധീനതയിൽ വരുന്ന കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള 18 കിലോമീറ്റർ മിക്കയിടത്തും പൊട്ടിപ്പൊളിഞ്ഞു കാൽനട യാത്ര പോലും പറ്റാത്ത സ്ഥിതിയായിരുന്നു. 15 വർഷം മുൻപ് നവീകരണം നടത്തിയ റോഡിൽ പിന്നീട് കാര്യമായ നവീകരണ പ്രവൃത്തികൾ നടത്താത്തതാണു തകർച്ച രൂക്ഷമാക്കിയത്. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ വനത്തിനുള്ളിലൂടെയാണു ചുരം പാത. 16 കൊടും വളവുകളും ഉണ്ട്. റോഡിന്റെ ഒരു വശം അഗാധമായ കൊക്കയാണ്. കർണാടകയുടെ സംസ്ഥാന പാത 91ന്റെ ഭാഗം കൂടിയാണു ചുരം പാത. 2017 ലും 2018 ലും ഉണ്ടായ പ്രളയങ്ങളും റോഡിന്റെ തകർച്ച കൂട്ടി. വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സ്ഥിരമാണ്.
മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷ
മേമനക്കൊല്ലി മുതൽ മുമ്മടക്ക് വളവ് വരെ 6 കിലോമീറ്റർ ദൂരം 6 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ആദ്യ റീച്ച് നവീകരണം കഴിഞ്ഞ ജനുവരി 10 ന് കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ഉദ്ഘാടനം ചെയ്തിരുന്നു. ഈ പ്രവൃത്തി പൂർത്തിയായി വരുകയാണ്. അന്നു കൂട്ടുപുഴ പാലം വരെ യാത്ര ചെയ്ത മന്ത്രിയും വിരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണയും ചുരം റോഡ് വിവിധ റീച്ചുകളായി നവീകരിക്കുമെന്ന് അറിയിച്ചിരുന്നു. പെരുമ്പാടി മുതൽ കൂട്ടുപുഴ ഭാഗത്തേക്കുള്ള 2.3 കിലോമീറ്റർ ദൂരം 5 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ നവീകരിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ വിളിച്ചിട്ടുണ്ട്. അവശേഷിച്ച ഭാഗത്തും നവീകരണം ഉറപ്പാക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം.