നവീകരണ പ്രവൃത്തി ഇഴയുന്നു; ചെളിക്കുളമായി ഇരിട്ടി താലൂക്ക് ആശുപത്രി മുറ്റം

Mail This Article
ഇരിട്ടി∙ ഇരിട്ടി താലൂക്ക് ആശുപത്രി മുറ്റം ചെളിക്കുളമായി. നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണു കാരണം. മുറ്റത്തു കൂടി നടക്കാൻ പോലുമാകാത്ത വിധം മഴയിൽ ചെളിവെള്ളം നിറഞ്ഞതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. നേരത്തേ മുറ്റത്തു പാകിയ ഇന്റർലോക്ക് മുഴുവൻ ഇളകി ആശുപത്രിയിൽ എത്തുന്നവർ വീണു പരുക്കേൽക്കുന്ന സംഭവം ഉണ്ടായതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ പഴയ ഇന്റർലോക്കിങ് മാറ്റി പുതിയ ഇന്റർലോക്ക് ഉൾപ്പെടെ ഇടുന്ന പ്രവൃത്തി അനുവദിച്ചിരുന്നു.
കിണറും ടാങ്കും ഉൾപ്പെടെ നിർമിച്ചും ആശുപത്രിയുടെ മുറ്റം നവീകരിച്ചും മുറ്റത്തിനു മുകളിൽ ഷീറ്റ് പാകിയും വെള്ളം പോകുവാൻ ഓവുചാലും ഉൾപ്പെടെ 45 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും വേഗത്തിൽ പൂർത്തിയാക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത അറിയിച്ചു.