അതിദ്രുതം ആനക്കാര്യം; ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ മൂന്നാം ഘട്ടം പൂർത്തിയായി

Mail This Article
ഇരിട്ടി∙ ‘ഓപ്പറേഷൻ എലിഫന്റ് ദൗത്യം’ മൂന്നാം ഘട്ടം പൂർത്തിയായി. ആറളം ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും ഭീതി പരത്തി തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളിൽ 22 എണ്ണത്തെക്കൂടി കാടു കയറ്റി. ഇതോടെ 2 മാസത്തിനിടെ 3 ഘട്ടങ്ങളിലായി ഫാം കൃഷിയിടത്തിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നും തുരത്തിയത് 73 ആനകളെ. അതിർത്തിയിലെ ‘ദുർബലമായ പ്രതിരോധം’ മറികടന്നു വീണ്ടും ഫാമിലേക്കു കടന്നവയാണു മൂന്നാം ഘട്ടത്തിൽ തുരത്തിയ 22 ആനകളെന്നാണു ദൗത്യസംഘത്തിന്റെ നിഗമനം.

ബ്ലോക്ക് ആറിൽ ഹെലിപാഡ് ഭാഗത്ത് കണ്ടെത്തിയ കുട്ടി ഉൾപ്പെടെ 4 എണ്ണം, ഇതേ ബ്ലോക്കിൽ തന്നെ വട്ടക്കാട് ഭാഗത്ത് 3 കുട്ടികൾ ഉൾപ്പെടെ കണ്ടെത്തിയ 17 എണ്ണം, ഒരു കൊമ്പൻ എന്നിവയെയാണ് താളിപ്പാറ കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിവിട്ടത്. തിരികെ ഇറങ്ങാതിരിക്കാൻ കാവൽ ഏർപ്പെടുത്തി. വെള്ളി–ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്നു മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് ആറളത്ത് വീണ്ടും ഓപ്പറേഷൻ എലിഫന്റ് ദൗത്യം നടത്തിയത്.

കാട്ടിൽ കയറ്റിയ ആനകൾ പഴയ മതിൽ പൊളിഞ്ഞ ഭാഗം, പ്രതിരോധം ഇല്ലാത്ത അതിർത്തി എന്നിവിടങ്ങളിലൂടെയും വനംവകുപ്പിന്റെ താൽക്കാലിക സോളർ വേലി തകർത്തു വീണ്ടും ഫാമിൽ പ്രവേശിക്കുന്നതു ഗുരുതര പ്രതിസന്ധിയും ഭീഷണിയും സൃഷ്ടിച്ചിരുന്നു. താളിപ്പാറ മേഖലയിൽ തൂക്കുവേലി പൂർത്തിയായതിനാൽ പഴയപോലെ ആനകൾ തിരികെ എത്തില്ലെന്നാണു വനംവകുപ്പിന്റെ നിഗമനം. അതേസമയം പൂക്കുണ്ട് ഭാഗത്ത് തകർന്ന പഴയ മതിലിന്റെ വിടവുകളിലൂടെ എല്ലാ ദിവസവും രാത്രി ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നുണ്ട്. ഇവയെ അതേസമയം തന്നെ പ്രദേശവാസികൾ അറിയിക്കുന്നതനുസരിച്ച് ആർആർടി സംഘം സ്ഥലത്തെത്തി ഓടിക്കുകയും പുലർച്ചെയോടെ വന്യജീവി സങ്കേതത്തിലേക്കു തുരത്തുകയുമാണു ചെയ്യുന്നത്.
ആനമതിൽ 6 കിലോമീറ്റർ പൂർത്തീകരിക്കാൻ നൽകിയ നിർദേശം പാലിച്ചാൽ ഈ ഭാഗത്തെ പ്രതിസന്ധി പരിഹരിക്കപ്പെടും. 6 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണു 5 കിലോമീറ്ററോളം ഓടിച്ചു 2 കൂട്ടങ്ങളായി കണ്ടെത്തി ആനക്കൂട്ടങ്ങളെ ആറളം വന്യജീവി സങ്കേതത്തിൽ കയറ്റിയത്. പല തവണ ആനകൾ ദൗത്യ സംഘത്തിനു നേരെ തിരിഞ്ഞതു ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചു. ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർമാരായ സി.കെ.മഹേഷ് (തോലമ്പ്ര), ടി.പ്രമോദ്കുമാർ (മണത്തണ), സി.ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർആർടി എന്നിവിടങ്ങളിൽ നിന്നുമുള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യസംഘം തുരത്തലിനു നേതൃത്വം നൽകി.
പ്രതിരോധം ഉറപ്പാക്കും
ഫാം കൃഷിയിടത്തിൽ ദിനവും വ്യാപകനാശം വരുത്തി ഇനിയും നാൽപതോളം ആനകൾ തമ്പടിച്ചിട്ടുള്ളതായാണ് മാനേജ്മെന്റും ജീവനക്കാരും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നത്. ഇവയെയും തുരത്താനാണ് തീരുമാനം എങ്കിലും നടപടികൾ അതിർത്തിയിൽ പ്രതിരോധം ഉറപ്പാക്കിയ ശേഷം മാത്രം. തൂക്കുവേലിയും വനം വകുപ്പിന്റെ താൽക്കാലിക വേലിയും 6 കിലോമീറ്ററിൽ അവശേഷിച്ച 1.900 കിലോമീറ്റർ മതിൽ നിർമാണവും പൂർത്തിയായ ശേഷം തുരത്താനാണു ലക്ഷ്യം. പുനരധിവാസ മേഖലയിൽ കഴിയുന്നവരുടെ സുരക്ഷിതത്വം മുന്നിൽക്കണ്ടാണ് ഈ തീരുമാനം. അതേസമയം പൂക്കുണ്ട് ഭാഗം വഴി രാത്രി പുനരധിവാസ മേഖലയിൽ പ്രവേശിക്കുന്ന ആനകളെ ആ സമയം തന്നെ തുരത്തും.