വീണ്ടും ഓൺലൈൻ തട്ടിപ്പ്; 6 കേസുകളിലായി 5 പേർക്ക് 6.51 ലക്ഷം രൂപ നഷ്ടമായി
Mail This Article
കണ്ണൂർ ∙ ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. 6 കേസുകളിലായി 5 പേർക്ക് 6.51 ലക്ഷം രൂപ നഷ്ടമായി. ടെലിഗ്രാം വഴി ഓൺലൈൻ പാർട്ട് ടൈം ജോലിയുടെ (റിയൽ എസ്റ്റേറ്റ് ബിസിനസ്) പേരിലായിരുന്നു തട്ടിപ്പ്. പ്രതികളുടെ നിർദേശപ്രകാരം അക്കൗണ്ടിലേക്കു പണം നൽകിയശേഷം നിക്ഷേപിച്ച പണമോ ലാഭമോ നൽകാതെ തട്ടിപ്പിനിരയായി മട്ടന്നൂർ സ്വദേശിക്ക് 3 ലക്ഷം രൂപ നഷ്ടമായി. വിദേശത്തു ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടന്നു. വാട്സാപ് വഴി ബന്ധപ്പെട്ട് ഓഫർ ലെറ്റർ നൽകി ഏജന്റ് ഫീസ്, വീസ ലഭിക്കുന്നതിനുള്ള തുക എന്നീ പേരുകളിൽ മട്ടന്നൂർ സ്വദേശിയിൽ നിന്നു തട്ടിയത് 1,71,940 രൂപയാണ്.
കണ്ണൂർ, ചക്കരക്കൽ സ്വദേശികൾക്കു യഥാക്രമം 51000, 21300 രൂപ വീതം നഷ്ടപ്പെട്ടു. പരാതിക്കാരെ എസ്ആർജിഇ എന്ന വിൻഡ് മിൽ കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന ബന്ധപ്പെട്ടു കമ്പനിയുടെ ഷെയർ ഇൻവെസ്റ്റ്മെന്റ് എന്ന പേരിൽ പണം വാങ്ങിയെടുത്തു തട്ടിപ്പിനിരയാക്കിയെന്നാണു പരാതി. വാട്സാപ് മെസേജ് കണ്ട് ഓൺലൈൻ ലോൺ ലഭിക്കാനുള്ള വിവിധ ചാർജുകളുടെ പേരിൽ പാനൂർ സ്വദേശിയിൽനിന്നു തട്ടിയത് 49332 രൂപയാണ്. വാട്സാപ് വഴി ട്രേഡിങ് ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച വളപട്ടണം സ്വദേശിക്കു നഷ്ടമായത് 49000 രൂപയാണ്.
വേണം, അതീവ ജാഗ്രത
∙ അജ്ഞാത അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകളോടു പ്രതികരിക്കാതിരിക്കുക, വിഡിയോകോൾ എടുക്കാതിരിക്കുക.
∙ സമൂഹമാധ്യമ പരസ്യങ്ങൾക്കു പിന്നാലെ പോകരുത്.
∙ വിദേശത്തുനിന്നു ബാങ്കുകൾ വഴിയും മണി ട്രാൻസ്ഫർ വഴിയും പണം അയയ്ക്കുക.
∙ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു ട്രേഡിങ് ചെയ്യുന്നതിനും പാർട്ട് ടൈം ജോലി ചെയ്യുന്നതിനും പണം നൽകാതിരിക്കുക.
∙ ഓൺലൈൻ ലോൺ നൽകാമെന്ന് പറഞ്ഞു വിളിക്കുന്നവർക്കു യാതൊരു കാരണവശാലും പണം അയച്ചു കൊടുക്കുകയോ അവർ നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്.
∙ അജ്ഞാത നമ്പറിൽനിന്നു വിളിച്ചു പൊലീസിൽ നിന്നാണെന്നും കുറിയറിൽ നിന്നാണെന്നും നിങ്ങൾക്കെതിരെ കേസുണ്ടെന്നും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.
∙ അക്കൗണ്ട് വിവരങ്ങളോ, ആധാർ ഉൾപ്പെടെയുള്ള ഐഡി വിവരങ്ങളോ ആർക്കും ഷെയർ ചെയ്യാതിരിക്കുക.
∙ കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സെർച്ച് ചെയ്തു വിളിക്കുമ്പോൾ ശ്രദ്ധ പുലർത്തുക.
പൊലീസ് മുന്നറിയിപ്പ്
ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയ തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തണം. സൈബർ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ചു പരാതി റജിസ്റ്റർ ചെയ്യുകയോ വേണം.