ADVERTISEMENT

എരഞ്ഞോളി ∙ കൃഷിയിടങ്ങൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി മാറിയ കാട്ടുപന്നികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി എരഞ്ഞോളി പഞ്ചായത്ത്.ഒന്നരവർഷക്കാലയളവിനുള്ളിൽ 101 കാട്ടു പന്നികളെയാണ് വെടിവച്ചുകൊന്നത്. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലെ കൃഷികളാണ് പന്നികൾ കൂട്ടമായെത്തി നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ വാഴ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ പന്നികൾ നശിപ്പിച്ചിരുന്നു.  വിവിധ ഭാഗങ്ങളിൽനിന്ന് പന്നി ശല്യത്തെക്കുറിച്ച് ഒട്ടേറെ പരാതികളാണ് പഞ്ചായത്തിൽ ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി കൈക്കൊണ്ടത്.

എം പാനൽ ഷൂട്ടർ സി.കെ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടു പന്നികളെ വെടിവെച്ചു വീഴ്ത്തിയത്.  പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേർന്നാണു പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ഓരോ മേഖലയ്ക്കും വൈസ് പ്രസിഡന്റ്‌ പി. വിജു, അംഗങ്ങളായ പി.ഷിംജിത്, കെ. ഷാജി, സി.കെ. ഷക്കീൽ എന്നിവരും വാർഡുതല കമ്മിറ്റികളും നേതൃത്വം നൽകിവരുന്നു. വെടിവെച്ചു വീഴ്ത്തിയ പന്നികളെ ആളൊഴിഞ്ഞ മേഖലയിലാണു സംസ്കരിച്ചത്.2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ വന്യ ജീവികൾക്ക് എതിരെ കർഷകരുടെ കൃഷിയിടത്തിൽ കമ്പിവേലി കെട്ടൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം പഞ്ചായത്തിൽ ഭീതിവിതച്ച് മൃഗശല്യം
കിണവക്കൽ ∙ കോട്ടയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുള്ളൻ പന്നിയും കാട്ടുപന്നിയും ഭ്രാന്തൻ കുറുക്കനും തെരുവുനായ്ക്കളും വർധിക്കുകയാണെന്നും ഇവയുടെ ശല്യം അതിരൂക്ഷമായി മാറിയെന്നും മുസ്‌ലിം ലീഗ് കോട്ടയം പഞ്ചായത്ത് കൺവൻഷൻ കുറ്റപ്പെടുത്തി. കാർഷികവിളകൾ നിരന്തരം നശിപ്പിക്കുകയും മൃഗങ്ങൾ വിദ്യാർഥികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായതായും യോഗം ചൂണ്ടിക്കാട്ടി. രാവിലെ മദ്രസയിൽ പോകുന്ന വിദ്യാർഥികൾക്ക് വടികളുമായി രക്ഷിതാക്കൾ സംരക്ഷണം നൽകുന്ന സ്ഥിതിയാണ്. സമീപ പഞ്ചായത്തുകൾ ഷൂട്ടർമാരെയും നായ പിടിത്തക്കാരെയും ഏർപ്പെടുത്തി പ്രശ്നം കൈകാര്യം ചെയ്തതുപോലെ ജനങ്ങൾക്കും കൃഷിക്കാർക്കും സംരക്ഷണം നൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഉമർ വിളക്കോട് അധ്യക്ഷത വഹിച്ചു. യു.വി.മൂസഹാജി, മഹ്റൂഫ് പൂക്കോട്, യു.വി.അഹമ്മദ് കുട്ടി, പി.കെ.കാസിം, ടി.പി.ഇബ്രാഹിം, സി.കെ.ഇസ്മായിൽ, എം.ഇസ്മായിൽ, വി.കെ.സുമിനാസ്, പി.പി.ഇഖ്ബാൽ, ഷമീൽ കോട്ടയം പൊയിൽ, സമദ് പറക്കോടൻ, എം.കെ.ഹമീദ്, സുഹൈൽ, ടി.പി.അബ്ദുറഹിമാൻ, പി.സി.അബൂട്ടി, കെ.കെ.ഇസ്മായിൽ, സുഫ്യാൻ, മുഹമ്മദ് യൂനുസ്, പി.കെ.ഹംസ, മുഹമ്മദ് സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com