‘എന്റെ കേരളം’ പ്രദർശന വിപണന മേള കണ്ണൂരിൽ; വൈവിധ്യങ്ങളുമായി തീം സ്റ്റാളുകൾ

Mail This Article
കണ്ണൂർ∙ സംസ്ഥാന സർക്കാർ കേരളത്തെ വികസന മികവിന്റെ ഉന്നതങ്ങളിൽ എത്തിച്ചെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയോടെ പ്രവർത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച ചരിത്രമാണ് കേരളത്തിന്റെ കരുത്ത്. സമസ്ത മേഖലകളിലും നാടിന്റെ പുരോഗതി കൈവരിക്കാൻ മുഖ്യമന്ത്രി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ആയിട്ടുണ്ട്. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാക്കിയുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ 'സ്മൃതിയുണർത്തി മ്യൂസിയങ്ങൾ' ഡോക്യൂമെന്ററി മന്ത്രി പ്രകാശനം ചെയ്തു. കെ.കെ.ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ കെ.പി.മോഹനൻ, കെ.വി.സുമേഷ്, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ.കെ.രത്നകുമാരി, കലക്ടർ അരുൺ കെ.വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, സിറ്റി പൊലീസ് കമ്മിഷണർ സി.നിതിൻരാജ്, റൂറൽ എസ്പി അനൂജ് പലിവാൽ, എഡിഎം സി.പത്മചന്ദ്ര കുറുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ, വെള്ളോറ രാജൻ, ആർജെഡി ജില്ലാ പ്രസിഡന്റ് വി.കെ.ഗിരിജൻ, പ്രഫ.ജോസഫ് തോമസ് (കേരള കോൺഗ്രസ് എം), ഐഎൻഎൽ ജില്ലാ പ്രസിഡന്റ് ഹമീദ് ചെങ്ങളായി, രതീഷ് ചിറക്കൽ (കേരള കോൺഗ്രസ് ബി) എന്നിവർ പ്രസംഗിച്ചു.
എന്റെ കേരളം: സ്റ്റാർട്ടപ്പുകളുടെ നാട്– സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സി.അജിമോൻ അധ്യക്ഷത വഹിച്ചു. 3 സെഷനുകളിലായി നടന്ന സെമിനാറിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ജി.അരുൺ വിഷയാവതരണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫിസർ എം.സുനിൽ, ഡോ.എം.സുർജിത് എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന വേദിയിൽ ആംഗ്യഭാഷ തർജമ
എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആംഗ്യഭാഷ തർജമ ശ്രദ്ധേയമായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.ശൈലജ എംഎൽഎ എന്നിവരുടെ പ്രസംഗത്തിന് തലശ്ശേരി സ്വദേശിയായ ഒ.എം.ദീപ്തിയാണ് ആംഗ്യഭാഷ തർജമ അവതരിപ്പിച്ചത്.
ഡോക്യുമെന്ററി പ്രകാശനം
ജില്ലയിലെ മ്യൂസിയങ്ങളെ കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററി 'സ്മൃതിയുണർത്തി മ്യൂസിയങ്ങൾ' എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്ഘാടന വേദിയിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്തു. കണ്ണൂർ കൈത്തറി മ്യൂസിയം, പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂർ സയൻസ് പാർക്കിലെ പുരാരേഖ മ്യൂസിയം, കണ്ടോന്താർ പ്രാദേശിക ചരിത്ര മ്യൂസിയം, കടന്നപ്പള്ളി തെയ്യം മ്യൂസിയം തുടങ്ങിയ മ്യൂസിയങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി
മേളയുടെ ഭാഗമായി നാടിന്റെ മുന്നേറ്റവും വികസനങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഇന്ന് 10.30 മുതൽ 12.30 വരെ കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും.
വൈവിധ്യങ്ങളുമായി തീം സ്റ്റാളുകൾ
എന്റെ കേരളം പ്രദർശന വിപണന മേളയിലെ തീം സ്റ്റാളുകൾ ജനശ്രദ്ധ ആകർഷിക്കുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ടൂറിസം, പൊതുമരാമത്ത്, കൃഷി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജലസേചനം, കായികം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിൽ ഉള്ളത്. 360 ഡിഗ്രി ഫോട്ടോ ബൂത്ത്, വെർച്വൽ തിരമാല, സ്റ്റാർട്ടപ് മിഷനുകൾ, കതിർ ആപ് തുടങ്ങിയവയെല്ലാം മേളയിലെ വ്യത്യസ്തതകളാണ്. മേളയിൽ സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന 251 സ്റ്റാളുകളാണുള്ളത്.
നാടൻ പാട്ടിന്റെ ശീലുമായി ഉദ്ഘാടന വേദി
കാട്ടെരിക്കിൻ വേരുകൊണ്ട് കെട്ടിയിട്ടാലും..' എന്ന നാടൻ പാട്ടിന്റെ ശീലുകൾക്ക് ചടുല താളത്തിന്റെ വേഗമാർന്നപ്പോൾ ഉദ്ഘാടനവേദിയിലേക്ക് ആളുകൾ ഒഴുകിത്തുടങ്ങി. താവം ഗ്രാമവേദിയുടെ കലാകാരന്മാർ നാടൻ പാട്ടും നൃത്തവുമായി അരങ്ങ് കീഴടക്കി. 14 വരെ നീളുന്ന പ്രദർശന വിപണന മേളയോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും കലാ സംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

