സ്കൂട്ടറിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വര്‍ണമാല കവർന്നു

Mail This Article
കണ്ണൂർ∙ ചേലേരി സ്കൂട്ടറിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വര്‍ണമാലയുടെ അരപവന്‍ തൂക്കം വരുന്ന ഭാഗം കവർന്ന യുവാവിനെ പൊലീസ് പിടികൂടി. ചേലേരിയിലെ കെ.സനീഷിനെ (35) യാണ് മയ്യിൽ ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.
ഇന്നലെ വൈകിട്ട് 6.10നോടെയാണ് സംഭവം. ചേലേരിയിൽ ബേക്കറി നടത്തുന്ന പ്രകാശന്റെ ഭാര്യ തേത്തോത്ത് വീട്ടിൽ ദീപ്‌തി പ്രകാശന്റെ (42) മാലയാണ് കവർന്നത്. ബേക്കറിയിൽ നിന്നും വീട്ടിലേക്കു നടന്നു പോകവെ ചേലേരി കനാൽ റോഡിന് സമീപം വച്ച് സ്കൂട്ടറിൽ ഹെൽമറ്റും മഴക്കോട്ടും ധരിച്ചെത്തിയ പ്രതി യുവതിയെ ആക്രമിച്ച് കഴുത്തിൽ ധരിച്ചിരുന്ന നാല് പവന്റെ മാല പൊട്ടിക്കുകയായിരുന്നു.
പിടിവലിയിൽ മാലയുടെ അരപ്പവൻ തൂക്കം വരുന്ന ഭാഗമാണ് മോഷ്ടാവിന്റെ കയ്യിൽ കിട്ടിയത്. സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു. തുടർന്ന് യുവതി മയ്യിൽ പോലീസിൽ പരാതി നൽകി. ചുവന്ന സ്കൂട്ടറില്‍ എത്തിയ മോഷ്‌ടാവിനെ കുറിച്ച് യുവതി നൽകിയ സൂചനകൾ വച്ച് മോഷ്‌ടാവിനെ മണിക്കൂറുകൾക്കുള്ളിൽ മയ്യിൽ പൊലീസ് പിടികൂടുകയായിരുന്നു