ദുരിതമൊഴിയാതെ പട്ടുവം സിഎച്ച് നഗർ: മാനം തെളിഞ്ഞു; മനം തെളിഞ്ഞില്ല

Mail This Article
തളിപ്പറമ്പ് ∙ വൻതോതിൽ ചെളിയും മണ്ണും ഒഴുകിയെത്തി നടക്കാൻ പോലും സാധിക്കാത്ത വഴികൾ, ഞാറ് നടാൻ പാകത്തിൽ ഉഴുതുമറിച്ച വയൽ പോലെയായ മുറ്റങ്ങൾ, വീടുകളുടെ അകത്തളങ്ങളിൽ തുടച്ചാലും തുടച്ചാലും മാഞ്ഞുപോകാത്ത ചെളിയുടെ പാടുകൾ.... കുപ്പം സിഎച്ച് നഗറിലെത്തുന്നവരെ സ്വീകരിക്കുന്ന കാഴ്ചകളാണിവ. കുന്നിനു മുകളിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ നിന്നു ചെളിയും മണ്ണും വീടുകളിലേക്ക് ഇരമ്പിയെത്തിയപ്പോൾ വീടുവിട്ടു പോയവരിൽ പലരും തിരിച്ചെത്തിയിട്ടില്ല.

ദേശീയപാത നിർമാണക്കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസിന്റെ ചെറുതും വലുതുമായ മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലാളികളും റോഡുകളിലെയും പറമ്പുകളിലെയും മണ്ണുനീക്കുന്നുണ്ടെങ്കിലും അടുത്ത മഴയിൽ സ്ഥലം വീണ്ടും പഴയതുപോലെയാകുന്നു. വീണ്ടും മണ്ണ് ഒഴുകിയെത്തുന്നു. കുപ്പം ഏഴോം റോഡിൽ സിഎച്ച് നഗറിലേക്കുള്ള ബോർഡ് വച്ച സ്ഥലത്ത് തന്നെ കാണാം ഇവിടെയുള്ള വയലിൽ ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ മണ്ണ് നിറഞ്ഞ ഭീകരാവസ്ഥ.
വീടുകളിലേക്ക് മടങ്ങാതെ
യുകെജി മുതൽ ഹയർ സെക്കൻഡറി വരെ പഠിക്കുന്ന കുട്ടികൾ ഈ വീടുകളിലുണ്ട്. അവർക്ക് സ്കൂളിൽ പോകാൻ വേണ്ടി മാത്രമാണ് തിരിച്ചുവന്നതെന്ന് ഇപ്പോഴും ബന്ധു വീട്ടിൽ താമസിക്കുന്ന വീട്ടമ്മയായ പി.ഷബാന പറഞ്ഞു. ചെളി നിറഞ്ഞ വഴികളിലൂടെയാണു കുട്ടികൾ സ്കൂളിൽ പോകുന്നതെന്നു ബന്ധുവായ ബുഷറയും പറഞ്ഞു. സിഎച്ച് നഗർ റോഡരികിലുള്ള പി.വി.കുഞ്ഞാമിനയുടെ വീട്ടുമുറ്റം ചേറു നിറഞ്ഞ വയൽ പോലെയാണ്. 2 ആഴ്ച മുൻപ് വീട് വിട്ട കുഞ്ഞാമിനയും ഇപ്പോഴും ബന്ധുവീട്ടിൽ തന്നെയാണു താമസം.

ദുരന്തം വിതച്ച്
കഴിഞ്ഞ 20,21 തീയതികളിലായിരുന്നു സിഎച്ച് നഗറിലേക്ക് മണ്ണിടിഞ്ഞത്. കഴിഞ്ഞ വർഷവും ദേശീയപാത നിർമാണ മേഖലയിൽ നിന്നു വീടുകൾക്കു സമീപത്തേക്കു മണ്ണ് ഒഴുകിയെത്തിയിരുന്നെങ്കിലും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നില്ല. ഇത്തവണ മഴ ആരംഭിച്ചപ്പോൾത്തന്നെ മണ്ണ് ഒഴുകി വരുന്നതുകണ്ടു നാട്ടുകാർ റവന്യു അധികൃതരെ വിവരമറിയിച്ചിരുന്നു. പരിയാരം വില്ലേജ് ഓഫിസർ പി.വി.വിനോദിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടയിലാണ് മഴ ശക്തമായതും എല്ലാവരും നോക്കിനിൽക്കെ, കുന്നിനുമുകളിൽ നിന്നു മണ്ണും ചെളിയും കുത്തിയൊഴുകിയെത്തിയതും.
നിമിഷങ്ങൾക്കുള്ളിൽ വീടുകൾക്കുള്ളിലേക്കു ചെളിയും മണ്ണും ഇരമ്പിക്കയറി. സ്ഥലത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു. കപ്പണത്തട്ടിനു നേരെ താഴെയുള്ള എം.കെ.ഉസ്മാന്റെ വീട്ടിലെ മുറികളിൽ മുഴുവൻ ചെളി നിറഞ്ഞു. പാത്രങ്ങളും മറ്റ് ഉപകരണങ്ങളും സാധനങ്ങളും എല്ലാം മണ്ണിനടിയിലായി. സമീപത്തെ വീടുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ഇപ്പോഴും ഉസ്മാന്റെ വീട് താമസയോഗ്യമായിട്ടില്ല. ‘ചെളിയിൽ കുതിർന്നു നശിച്ച കിടക്കളും സോഫയും മറ്റ് ഫർണിച്ചറുമെല്ലാം വീടിന്റെ മുറ്റത്തു കൂട്ടിയിട്ടിരിക്കുകയാണ്.
ചെളി കയറി നശിച്ച തുണികളും മറ്റ് ഉപകരണങ്ങളും കുട്ടികളുടെ കളിപ്പാട്ടങ്ങളും വരെ വീട്ടുമുറ്റത്ത് തന്നെ മണ്ണ് നീക്കാൻ വന്ന മണ്ണുമാന്തിയന്ത്രം കൊണ്ട് വലിയൊരു കുഴി നിർമിച്ച് അതിൽ ഇട്ടിരിക്കുകയാണ്. ഈ കുഴി ഇപ്പോഴും മൂടിയിട്ടില്ല. ഒന്നര അടിയിൽ അധികം ഉയരത്തിലാണ് വീടിനകത്തും പരിസരങ്ങളിലുമായും മണ്ണ് വന്നു നിറഞ്ഞത്. 35 ലോഡ് മണ്ണ് ഇവിടെ നിന്നു മാത്രം നീക്കം ചെയ്തിട്ടുണ്ട്. വീടിനു പുറകിൽ തന്റെ ബന്ധുവിനു വീടു നിർമിക്കാൻ കെട്ടിയുയർത്തിയ 6.75 സെന്റ് സ്ഥലത്തിൽ ഏറെയും വെള്ളം കൊണ്ടുപോയി. ഇവിടെ വീട് നിർമാണത്തിനായി കൊണ്ടുവന്ന മരങ്ങളും കുതിച്ചെത്തിയ വെള്ളത്തിൽ ഒഴുകിപ്പോയി’– ഉസ്മാൻ പറഞ്ഞു.
ഉറപ്പ് പാലിക്കാതെ
കുന്നിനു മുകളിൽ നിന്ന് ഒഴുകിയെത്തുന്ന ചെളിയും മണ്ണും ഒഴുകി പുറത്തുപോകാൻ അധികൃതർ നിർമിച്ച ഓവുചാൽ പിന്നീട് കനത്ത മഴയിൽ കരകവിഞ്ഞ് 3 ചാലുകളായി ദിശമാറിയൊഴുകി, ഇവയുടെ അരികിലുള്ള മരങ്ങൾ കടപുഴകി രാത്രിയിൽ വീടുകൾക്കു മുകളിൽ വീഴുന്ന സ്ഥിതിയായി. നാശനഷ്ടം സംഭവിച്ച വീടുകൾക്കു നഷ്ടപരിഹാരം നൽകണമെന്നു റവന്യു, ദേശീയപാത അധികൃതരുമായി നടത്തിയ ചർച്ചയിൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ നടപടിയൊന്നുമായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ ദേശീയപാത ഉപരോധസമരം നടത്തിയപ്പോൾ നടത്തിയ ചർച്ചയിലാണ് വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിശോധിച്ചു നിർമാണക്കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകിയത്.
ഭീതിയോടെ ഭാവി
സിഎച്ച് നഗറിലേക്കുള്ള റോഡിൽ ചെളി കെട്ടിനിൽക്കുന്നതു പോരാതെ ഇരുവശത്തെയും ഓവുചാലുകൾ തുറന്നിട്ടതിനാൽ വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. രാത്രി കാലങ്ങളിൽ വഴി നടക്കാൻ പോലും സാധിക്കുന്നില്ല. ഈ അവസ്ഥയിൽ ഇനിയുള്ള യഥാർഥ മഴക്കാലത്തെ ഭീതിയോടെ കാത്തുനിൽക്കുകയാണ് ഈ നാട്ടുകാർ.